ഖത്തർ: ജി സി സി രാജ്യങ്ങളിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ ഇളവ് അനുവദിക്കാൻ തീരുമാനം

GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന ജി സി സി പൗരന്മാർ, കുടുംബാംഗങ്ങൾ, അവരുടെ ഗാർഹിക ജീവനക്കാർ എന്നീ വിഭാഗങ്ങളിൽ, ജി സി സി രാജ്യങ്ങളിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് 7, വെള്ളിയാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും മന്ത്രാലയം വ്യക്തമാക്കി.

മെയ് 8-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഏതെങ്കിലും ഒരു ജി സി സി രാജ്യത്ത് നിന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്കാണ് ഈ ക്വാറന്റീൻ ഇളവ് അനുവദിക്കുന്നത്.

വിദേശത്ത് നിന്നെത്തുന്നവർക്ക് മെയ് 7 മുതൽ ഖത്തർ ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ:

  • ജി സി സി പൗരന്മാർ, കുടുംബാംഗങ്ങൾ, അവരുടെ ഗാർഹിക ജീവനക്കാർ എന്നിവർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച PCR റിസൾട്ട് ഹാജരാക്കേണ്ടതാണ്. യാത്ര പുറപ്പെടുന്ന രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ നിർബന്ധമാണ്.
  • ഈ വിഭാഗങ്ങളിൽ ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള വാക്സിൻ ഉപയോഗിച്ച് കൊണ്ട്, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് രാജ്യത്ത് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. അവസാന ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയ ശേഷം ഖത്തറിലെത്തുന്നവർക്കാണ് ഈ ഇളവ് അനുവദിക്കുന്നത്. ഇവർ ഖത്തറിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഔദ്യോഗിക വാക്സിനേഷൻ കാർഡ് ഹാജരാക്കേണ്ടതാണ്.
  • ഇത്തരത്തിൽ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് ഖത്തറിൽ പ്രവേശിച്ച ശേഷം 7 ദിവസം ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. ഡിസ്കവർ ഖത്തറിൽ നിന്ന് ഇത്തരം ക്വാറന്റീൻ ഹോട്ടലുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇവർ ഫോണുകളിൽ ‘Ehteraz’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഇവർ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കുന്നത് വരെ പൊതുഇടങ്ങളിലേക്ക് പ്രവേശിക്കാൻ പാടുന്നതല്ല.
  • രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ പേർക്കും ഖത്തറിലെ മൊബൈൽ സിം കാർഡ്, ‘Ehteraz’ ആപ്പ് എന്നിവ നിർബന്ധമാണ്.