മെയ് 20 മുതൽ സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നു

GCC News

യാത്രാ വിലക്കുകളില്ലാത്ത രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത മുഴുവൻ യാത്രികർക്കും, രാജ്യത്ത് പ്രവേശിച്ച ശേഷം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൗദിയിലെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

മെയ് 10-ന് രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം മെയ് 20, വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

ഈ തീരുമാനം നടപ്പിലാകുന്നതോടെ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത മുഴുവൻ സന്ദർശകർക്കും സൗദിയിലെത്തിയ ശേഷം 7 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാകുന്നതാണ്. ഇതിന് പുറമെ ഇത്തരം യാത്രികർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് COVID-19 ചികിത്സാ പരിരക്ഷയുള്ള ഇൻഷുറൻസ് നിർബന്ധമാണ്.

സൗദി അധികൃതർ തീരുമാനിച്ചിട്ടുള്ള ഇടങ്ങളിലാണ് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ സേവനങ്ങൾ നൽകുന്നത്. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത മുഴുവൻ യാത്രികർക്കും സൗദിയിൽ പ്രവേശിക്കുന്ന അവസരത്തിലും, സൗദിയിലെത്തിയ ശേഷം ഏഴാമത്തെ ദിനത്തിലും PCR ടെസ്റ്റ് നടത്തേണ്ടതാണ്.

ഈ തീരുമാനത്തിൽ നിന്ന് താഴെ പറയുന്ന വിഭാഗങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്:

  • സൗദി പൗരന്മാർ, ഇവരുടെ കുടുംബാംഗങ്ങൾ, ഇവരുടെ ഗാർഹിക ജീവനക്കാർ.
  • COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള പ്രവാസികളോടൊപ്പം സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത അവരുടെ ഗാർഹിക ജീവനക്കാർ.
  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ.
  • ഔദ്യോഗിക സന്ദർശനങ്ങൾക്കായി സൗദിയിലെത്തുന്ന പ്രത്യേക ഇളവുകളുള്ളവർ.
  • നയതന്ത്ര ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ.
  • വിമാന ജീവനക്കാർ.
  • റോഡ് മാർഗം സൗദിയിലേക്ക് പ്രവേശിക്കുന്ന ട്രക്ക് ഡ്രൈവർമാർ, അവരുടെ സഹായികൾ.
  • ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള, ആരോഗ്യ പരിചരണ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന സാധനങ്ങളുടെ വിതരണത്തിൽ പ്രവർത്തിക്കുന്നവർ.

Photo: Saudi Press Agency