ഖത്തർ: ഈദുൽ ഫിത്ർ പ്രാർത്ഥനകളുമായി ബന്ധപ്പെട്ട COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ

GCC News

ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ, പള്ളികളിൽ പ്രാർത്ഥനകൾക്കായി ഒത്ത് ചേരുന്നത് സംബന്ധിച്ച് നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ ഖത്തറിലെ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് പുറത്തിറക്കി. മെയ് 11-നാണ് ഖത്തർ ഈ അറിയിപ്പ് നൽകിയത്.

ഖത്തറിലെ പള്ളികളിലും, ഈദ് പ്രാർത്ഥനകൾക്കായി ഒരുക്കിയിട്ടുള്ള പ്രത്യേക ഇടങ്ങളിലും പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്:

  • ഈദുൽ ഫിത്ർ പ്രാർത്ഥനകൾക്കെത്തുന്ന മുഴുവൻ പേർക്കും മാസ്കുകൾ നിർബന്ധമാണ്.
  • പ്രാർത്ഥനകൾക്കെത്തുന്നവർ നിസ്കാരപ്പായകൾ കൈവശം കരുതേണ്ടതാണ്.
  • വിശ്വാസികൾ മുഴുവൻ സമയവും ചുരുങ്ങിയത് 1.5 മീറ്റർ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • പ്രാർത്ഥനകൾക്കെത്തുന്നവർക്ക് ‘Ehteraz’ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്. പള്ളികളുടെ കവാടങ്ങളിൽ ഇത് പരിശോധിക്കുന്നതാണ്.
  • പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഒത്ത് ചേർന്നുള്ള ഈദുൽ ഫിത്ർ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ അനുമതിയില്ല.
  • ഈദ് ആശംസകൾ പങ്കിടുന്നത് കൃത്യമായ സമൂഹ അകലം പാലിച്ച് കൊണ്ടായിരിക്കണം. ഹസ്തദാനം അനുവദനീയമല്ല.
  • കവാടങ്ങളിലും മറ്റും ആളുകൾ കൂടി നിൽക്കുന്നത് അനുവദിക്കില്ല.
  • സ്ത്രീകൾക്കുള്ള പ്രാർത്ഥനാ ഇടങ്ങൾ അടച്ചിടുന്നതാണ്.

രാജ്യത്തെ 1028 പള്ളികളിലും, പാർത്ഥനാ ഇടങ്ങളിലും ഈദുൽ ഫിത്ർ പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നതാണ്. രാവിലെ 5:05-നാണ് ഈദുൽ ഫിത്ർ പ്രാർത്ഥനകൾ.