രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും, കൂടിച്ചേരലുകൾ, ആൾത്തിരക്കുണ്ടാകുന്ന സാഹചര്യങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി നിരീക്ഷണം കർശനമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. മെയ് 15-ന് വൈകീട്ടാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സുപ്രീം കമ്മിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ, വാണിജ്യ മേഖലയിലെ നിയന്ത്രണങ്ങൾ എന്നിവ 2021 മെയ് 15, ശനിയാഴ്ച്ച മുതൽ ഒഴിവാക്കിയതായി ROP കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ ഒത്ത്ചേരലുകൾക്ക് സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ രാജ്യത്ത് തുടരുന്നതായി ROP ജനങ്ങളെ ഓർമ്മപ്പെടുത്തി.
COVID-19 വ്യാപന സാഹചര്യത്തിൽ എല്ലാ തരത്തിലുള്ള ഒത്ത്ചേരലുകളും, ആൾക്കൂട്ടവും ഒമാനിൽ നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് ROP ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട വീഴ്ച്ചകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഒമാനിലെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് ROP ആവശ്യപ്പെട്ടു. സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളിലും മറ്റും ആളുകൾ ഒത്ത്ചേരുന്നത് നിയന്ത്രിക്കാൻ ആവശ്യമായ പരിശോധനാ നടപടികൾ ഉറപ്പാക്കുമെന്നും ROP കൂട്ടിച്ചേർത്തു.
ഈദ് അവധിക്ക് ശേഷം രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായി മെയ് 15 മുതൽ രാത്രി സമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ ഒമാനിൽ അനുവദിച്ചിട്ടുണ്ട്.
Photo: omannews.gov.om