ഇന്റർനാഷണൽ മ്യൂസിയം ഡേ: ദുബായിലെ മ്യൂസിയങ്ങളിൽ സൗജന്യ സന്ദർശനം അനുവദിക്കും

UAE

ഈ വർഷത്തെ ഇന്റർനാഷണൽ മ്യൂസിയം ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 മെയ് 18-ന് എമിറേറ്റിലെ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ കീഴിലുള്ള മ്യൂസിയങ്ങളിലാണ് ഈ സൗജന്യ പ്രവേശനം അനുവദിക്കുന്നത്.

“മ്യൂസിയങ്ങളുടെ ഭാവി: വീണ്ടെടുക്കുക, പുനർവിഭാവനം ചെയ്യുക” എന്നതാണ് ഈ വർഷത്തെ ഇന്റർനാഷണൽ മ്യൂസിയം ഡേയുടെ പ്രമേയം. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും 2021-ലെ ഇന്റർനാഷണൽ മ്യൂസിയം ഡേ ആഘോഷങ്ങൾ എന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

പൊതുസമൂഹത്തെ രാജ്യത്തിന്റെ സാംസ്‌കാരിക മുദ്രകളുമായി സംയോജിപ്പിക്കുന്നതിനായാണ് ഈ അവസരത്തിൽ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. യു എ ഇയുടെ പ്രബലമായ ചരിത്രം, സംസ്കാരം എന്നിവ അടയാളപ്പെടുത്തുന്നതിൽ മ്യൂസിയങ്ങൾ വലിയ പങ്ക് വഹിക്കുന്നതായും അതോറിറ്റി ചൂണ്ടിക്കാട്ടി. യു എ ഇ മുന്നോട്ട് വെക്കുന്ന പാരമ്പര്യത്തെയും, മൂല്യങ്ങളെയും ലോകത്തിന് മുന്നിൽ ഇവ അവതരിപ്പിക്കുന്നതായും അതോറിറ്റി അറിയിച്ചു.

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിർച്യുൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നടപ്പിലാക്കുന്ന മ്യൂസിയങ്ങളുടെ പ്രവർത്തനഭാവിയെക്കുറിച്ച് ഈ അവസരത്തിൽ ദുബായ് കൾച്ചർ വിശകലനം ചെയ്യുന്നതാണ്.