അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ഒമാൻ രണ്ട് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാൻ പോസ്റ്റാണ് ഈ പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കിയത്.
മെയ് 19-ന് രാവിലെയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ‘പ്രിയപ്പെട്ട നമ്മുടെ ഒമാനിന് വേണ്ടി നിങ്ങൾ ചെയ്ത മഹത്തായ ത്യാഗങ്ങൾക്ക് നന്ദി അറിയിക്കുന്നു’ എന്ന ആശയം ഉൾക്കൊണ്ടാണ് ഈ സ്റ്റാമ്പുകൾ തയ്യാറാക്കിയിരിക്കുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഒമാൻ പോസ്റ്റ് പുറത്തിറക്കിയ ഈ പ്രത്യേക സ്മാരക സ്റ്റാമ്പുകൾ കൊറോണ വൈറസ് മഹാമാരിയുടെ അവസരത്തിലും ആരോഗ്യ പരിചരണ രംഗത്തും, ആതുരസേവന മേഖലയിലും തങ്ങളുടെ വിലപ്പെട്ട സേവനങ്ങൾ തുടരുന്ന നഴ്സുമാർക്ക് ആദരം അർപ്പിക്കുന്നു. ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് ബിൻ മുഹമ്മദ് അൽ സൈദി, ഒമാൻ പോസ്റ്റ് സി ഇ ഓ നസീർ ബിൻ അഹ്‌മദ് അൽ ശർജി എന്നിവർ പങ്കെടുത്ത ഒരു പ്രത്യേക വിർച്യുൽ ചടങ്ങിലാണ് ഈ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയത്.