അബുദാബി: SEHA-യുടെ കീഴിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ ലഭ്യമാണ്

UAE

രാജ്യവ്യാപകമായി, തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ ലഭ്യമാണെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. പന്ത്രണ്ട് വയസുള്ള കുട്ടികൾക്കും, പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും ഈ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ഇപ്പോൾ ലഭ്യമാണെന്നും SEHA അധികൃതർ വ്യക്തമാക്കി.

അബുദാബി, ദുബായ്, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഫൈസർ COVID-19 വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഇതേ കേന്ദ്രങ്ങളിൽ നിന്ന് 16 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

SEHA-യുടെ കീഴിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ, ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങൾ, മറ്റു വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഇപ്പോൾ വാക്സിൻ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ വാക്സിൻ ലഭിക്കുന്നതിനായി മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്നും, നിവാസികൾക്ക് 80050 എന്ന നമ്പറിലൂടെയോ, SEHA ആപ്പിലൂടെയോ, https://www.seha.ae/covid-19-landing/ എന്ന വെബ്സൈറ്റിലൂടെയോ ഈ ബുക്കിംഗ് നടപടികൾ പൂർത്തിയാക്കാമെന്നും അധികൃതർ വ്യക്തമാക്കി.

യു എ ഇയിലെ 12 മുതൽ 15 വയസ്സുവരെ പ്രായപരിധിയിലുള്ളവർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം മെയ് 13-ന് അംഗീകാരം നൽകിയിരുന്നു.