രാജ്യത്തെ പള്ളികളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, COVID-19 രോഗമുക്തി നേടിയവർക്കും മാത്രമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ബഹ്റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു. ദിനവും അഞ്ച് നേരമുള്ള പ്രാർത്ഥനകൾക്കും, വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കും ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.
മെയ് 21, വെള്ളിയാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്. ഇത്തരത്തിൽ പള്ളികളിൽ പ്രവേശിക്കാൻ അനുമതിയുള്ളവർ, രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസം നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം.
പള്ളികളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി ഇവർ ‘BeAware’ ആപ്പിൽ പൂർണ്ണമായും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് (പച്ച നിറത്തിലുള്ള ഷീൽഡ്) , അല്ലെങ്കിൽ രോഗമുക്തരായ സ്റ്റാറ്റസ് എന്നിവ പരിശോധനകൾക്കായി ഹാജരാക്കേണ്ടതാണ്. പള്ളികളിലെ പ്രാർത്ഥനയുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റു ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. പള്ളികളിലെത്തുന്ന മുഴുവൻ പേരും ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
2021 മെയ് 21, വെള്ളിയാഴ്ച്ച മുതൽ രാജ്യത്തെ COVID-19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിന്റ ഭാഗമായി രാജ്യത്തെ വാണിജ്യകേന്ദ്രങ്ങൾ, മാളുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള പ്രവേശനം, ഭക്ഷണശാലകൾ, സിനിമാഹാൾ തുടങ്ങിയ ഇടങ്ങളിലെ ഇൻഡോർ സേവനങ്ങൾ മുതലായവ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.