രാജ്യത്തെ പ്രവാസികളുടെ ഫൈനൽ എക്സിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ, ഇത്തരം പ്രവാസികൾ രാജ്യത്ത് അടച്ച് തീർക്കാനുള്ള വിവിധ ബില്ലുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി സൗദി അധികൃതർ വ്യക്തമാക്കി. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അധികൃതരാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്.
ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നതിന് മൊബൈൽ സേവനങ്ങൾ ഉൾപ്പടെ പ്രവാസികൾ കൊടുത്ത് തീർക്കാനുള്ള മുഴുവൻ ബാദ്ധ്യതകളും കൊടുത്ത് തീർക്കേണ്ടത് നിർബന്ധമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വാഹനങ്ങൾ സ്വന്തമായുള്ളവർ അത് സംബന്ധമായ രെജിസ്ട്രേഷൻ റദ്ദാക്കുന്ന നടപടികളും പൂർത്തിയാക്കേണ്ടതാണ്. കടബാദ്ധ്യതകൾ നിലനിൽക്കുന്നവർ, സ്വന്തം പേരിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിലനിൽക്കുന്നവർ തുടങ്ങിയവരുടെ ഫൈനൽ എക്സിറ്റ് വിസ നടപടികൾ തടസപ്പെടുന്നതാണ്.
ഫൈനൽ എക്സിറ്റ് വിസയുടെ കാലാവധി, ഇവ അനുവദിച്ച തീയതി മുതൽ 60 ദിവസത്തേക്കാണ്. ഇതിനാൽ പാസ്‌പോർട്ടിന്റെ സാധുത 60 ദിവസത്തേക്കെങ്കിലും ബാക്കിയുള്ളവർക്കാണ് ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നത്. ഈ കാലാവധിക്കുള്ളിൽ ഫൈനൽ എക്സിറ്റ് വിസ ലഭിച്ചവർ രാജ്യം വിടേണ്ടതാണ്. നിലവിൽ സൗദിയിലുള്ളവർക്കാണ് ഇത്തരം വിസ ലഭിക്കുന്നത്. ഫൈനൽ എക്സിറ്റ് വിസയിൽ സൗദിയിൽ നിന്ന് മടങ്ങുന്നവർക്ക് തിരികെയെത്തുന്നതിന് പുതിയ വിസ നിർബന്ധമാണ്.
ഫൈനൽ എക്സിറ്റ് വിസ ലഭിക്കുന്നതിന് പ്രത്യേക ഫീ ഇടാക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഇത്തരം വിസകൾ റദ്ദ് ചെയ്യുന്നതിന് 100 റിയാൽ ക്യാൻസലേഷൻ ഫീ ഈടാക്കുന്നതാണ്. ഫൈനൽ എക്സിറ്റ് വിസ ലഭിച്ച വ്യക്തി സൗദിയിൽ നിന്ന് തിരികെ മടങ്ങിയിട്ടില്ലെങ്കിൽ മാത്രമാണ് ഇവ റദ്ദ് ചെയ്യാൻ അനുമതിയുള്ളത്. ‘Absher’, ‘Moqeem’ അപ്പുകളിലൂടെ ഫൈനൽ എക്സിറ്റ് വിസ ക്യാൻസൽ ചെയ്യുന്നതിന് അപേക്ഷിക്കാവുന്നതാണ്.
Photo: spa.gov.sa