സൗദി: ജൂൺ 15 മുതൽ പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കും

GCC News

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു. ജൂൺ 11, വെള്ളിയാഴ്ച്ചയാണ് HRSD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2021 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിലാണ് സൗദിയിലെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നത്. ഈ കാലയളവിൽ ഇത്തരം തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്.

കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പോലുള്ള രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുന്നത്.

2021 ജൂൺ 15 മുതൽ യു എ ഇയിലും മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരുന്നതാണ്. കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ 2021 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വന്നിട്ടുണ്ട്.