യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾക്കുള്ള വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി സൂചന

UAE

ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുളള വിമാനസർവീസുകൾക്കുള്ള പ്രവേശന വിലക്ക് 2021 ജൂലൈ 21 വരെ നീട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ ഒരു ഔദ്യോഗിക വിജ്ഞാപനം അടിസ്ഥാനമാക്കിയാണ് ഈ വിവരം മാധ്യമങ്ങൾ അറിയിച്ചിരിക്കുന്നത്.

ഈ വിജ്ഞാപന പ്രകാരം ഇന്ത്യ, ലൈബീരിയ, നമീബിയ, സിയേറ ലിയോൺ, കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്നാം, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സർവീസുകൾക്ക് 2021 ജൂലൈ 21 വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. ജൂൺ 23 മുതൽ ദുബായിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും, 2021 ജൂലൈ 6 വരെ ഈ വിലക്ക് തുടരുമെന്നാണ് നിലവിൽ എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവരുടെ വെബ്സൈറ്റുകളിലെ യാത്രാ നിബന്ധനകൾ വ്യക്തമാക്കുന്നത്.