ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 21 വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു. ഇത്തിഹാദ് എയർവേസിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള യാത്രാ നിബന്ധനകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
https://www.etihad.com/en-in/travel-updates/all-destinations-travel-guides എന്ന വിലാസത്തിൽ ഈ യാത്രാ നിബന്ധനകൾ ലഭ്യമാണ്. ജൂൺ 29-നാണ് ഇത്തിഹാദ് എയർവേസ് വെബ്‌സൈറ്റിൽ ഇക്കാര്യം ഉൾപ്പെടുത്തിയത്.
“ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യു എ ഇ അധികൃതർ ജൂലൈ 21 വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.”, ഇത് സംബന്ധിച്ച് ഇത്തിഹാദ് എയർവേസ് തങ്ങളുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അറിയിപ്പുകളിൽ വ്യക്തമാക്കുന്നു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് യാത്രികരുമായി യു എ യിലേക്ക് സർവീസ് നടത്തുന്നതിന് ഇത്തിഹാദ് എയർവേസിന് അനുമതിയില്ലായെന്നും, യു എ ഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ റെസിഡൻഷ്യൽ വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് മാത്രം നിബന്ധനകളോടെ ഈ തീരുമാനത്തിൽ ഇളവ് നൽകിയിട്ടുണ്ടെന്നും എയർവേസുമായി ബന്ധപ്പെട്ട സ്രോതസുകൾ അറിയിച്ചിട്ടുണ്ട്.
എന്നാൽ യു എ ഇയിൽ നിന്ന് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ തുടരുമെന്നും ഇത്തിഹാദ് വ്യക്തമാക്കി. യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ജൂൺ 25-ന് പുറത്തിറക്കിയ ഒരു ഔദ്യോഗിക വിജ്ഞാപനത്തിൽ ഇന്ത്യ ഉൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുളള വിമാനസർവീസുകൾക്കുള്ള പ്രവേശന വിലക്ക് 2021 ജൂലൈ 21 വരെ നീട്ടിയതായി സൂചിപ്പിച്ചിരുന്നു.
ഈ വിജ്ഞാപന പ്രകാരം ഇന്ത്യ, ലൈബീരിയ, നമീബിയ, സിയേറ ലിയോൺ, കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്നാം, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സർവീസുകൾക്ക് 2021 ജൂലൈ 21 വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. ജൂൺ 23 മുതൽ ദുബായിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നത്. ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാവിമാന സർവീസുകൾ 2021 ജൂലൈ 7 മുതൽ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് എയർലൈൻ കസ്റ്റമർ സപ്പോർട്ട് ജൂൺ 27-ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.