കൊറോണാ വൈറസ് – നേരിടാൻ യു എ ഇ എല്ലാത്തരത്തിലും സജ്ജം

GCC News

കൊറോണാ വൈറസ് ബാധയെ ഏറ്റവും വേഗത്തിൽ കണ്ടെത്തുന്നതിലും, രോഗം ബാധിച്ചവരെ ശരിയായ ചികിത്സാ സൗകര്യങ്ങളൊരുക്കി ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നതിലും, വൈറസ് ബാധയുടെ വ്യാപനത്തെ തടയുന്നതിലും യു എ ഇ എല്ലാത്തരത്തിലും സജ്ജമാണെന്ന് ആരോഗ്യ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് അറിയിച്ചു. എഫ് എൻ സി അംഗങ്ങളുടെ സമ്മേളനത്തിലാണ് അദ്ദേഹം കൊറോണാ വൈറസിനെ നേരിടാൻ യു എ ഇ എല്ലാത്തരത്തിലും സജ്ജമാണെന്നും, വേണ്ട പ്രതിരോധ നടപടികളെല്ലാം എടുത്തു കഴിഞ്ഞതായും അറിയിച്ചത്.

ലോകാരോഗ്യ സംഘടനയുടെ പെരുമാറ്റച്ചട്ടങ്ങൾക്കനുസൃതമായി ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് രാജ്യം കൈകൊണ്ടിട്ടുള്ളത്. വൈറസ് ബാധയെ അതിവേഗം കണ്ടെത്തുന്നതിനും, അതിനായുള്ള സൂക്ഷ്മപരിശോധനകൾക്കും വേണ്ടിവരുന്ന എല്ലാ ചികിത്സാ സംവിധാനങ്ങളും, മരുന്നുകളും, സർജിക്കൽ മാസ്കുകൾ, മെഡിക്കൽ ഗ്ലോവ്സ്, സംരക്ഷണ വസ്ത്രങ്ങൾ എന്നിവയെല്ലാം മതിയായ അളവിൽ യു എ ഇ സംഭരിച്ചിട്ടുണ്ടെന്നും, ലോക നിലവാരത്തിലുള്ള ഇത്തരം ആരോഗ്യ രംഗത്തെ വസ്തുക്കൾ യു എ ഇയിലെ നിർമ്മാണശാലകളിൽ തദ്ദേശീയമായി തന്നെ വേണ്ട അളവിൽ നിർമ്മിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.