സൗദി: അനധികൃത ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വിൽക്കുന്നവർക്ക് പരമാവധി 25 ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് CITC

GCC News

രാജ്യത്ത് ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വിതരണം ചെയ്യുന്നവർക്കും, വില്പന നടത്തുന്നവർക്കും, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ ലംഘനങ്ങൾ പിഴതീർക്കുന്നതിനായി അനുവദിച്ചിരുന്ന അധിക സമയം അവസാനിച്ചതായി സൗദി ടെലികോം റെഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മിഷൻ (CITC) അറിയിച്ചു. ഇതിനാൽ ഈ മേഖലയിലെ ലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും CITC കൂട്ടിച്ചേർത്തു.

ഈ സാഹചര്യത്തിൽ, രാജ്യത്ത് അനധികൃതമായി ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വിൽക്കുന്നവർക്കും, വിതരണം ചെയ്യുന്നവർക്കും ടെലികോം നിയമങ്ങൾ പ്രകാരം പരമാവധി 25 ദശലക്ഷം റിയാൽ വരെ പിഴചുമത്തുമെന്ന് CITC അറിയിച്ചു. പ്രാദേശിക വിപണിയിൽ ഇത്തരം ഉപകരണങ്ങൾ നിയമവിരുദ്ധമായി വിതരണം, വില്പന എന്നിവ നടത്തുന്നവർക്ക് CITC മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പിഴതുകകൾ ഒഴിവാക്കുന്നതിനായി രാജ്യത്ത് വിൽക്കാൻ അനുമതിയില്ലാത്ത ഉപകരണങ്ങൾ, കൃത്യമായ ലൈസൻസ് ഇല്ലാത്ത ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, നിയമവിരുദ്ധമായ നെറ്റ്‌വർക്ക് ബൂസ്റ്ററുകൾ പോലുള്ള ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ അധികൃതർ വിതരണക്കാരോട് ആവശ്യപ്പെട്ടു. ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്തെ ടെലികോം വിപണികളിലും, ഇത്തരം വ്യാപാര സ്ഥാപനങ്ങളിലും നേരത്തെ CITC പരിശോധനകൾ നടത്തിയിരുന്നു.