സൗദി അറേബ്യയെയും, ഒമാനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് താമസിയാതെ യാത്രികർക്കായി തുറന്ന് കൊടുക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി ചെലവുകൾ കുറയ്ക്കുന്നതിനും, കടത്ത്‌കൂലി കുറയ്ക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും സഹായകമാണ്.
ജൂലൈ 7-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അണ്ടർസെക്രട്ടറി സലേം മുഹമ്മദ് അൽ നുഐമിയാണ് ഇക്കാര്യം അറിയിച്ചത്. ഒമാൻ ടി വിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“സൗദി അറേബ്യയെയും, ഒമാനെയും കരമാർഗം ബന്ധിപ്പിക്കുന്ന ഈ ഹൈവേ യാത്രകൾ കൂടുതൽ സുഗമമാക്കുന്നതാണ്. ഈ പാത ഉടൻ തന്നെ തുറന്ന് കൊടുക്കുന്നതാണ്. ഈ ഹൈവേയുടെ നിർമ്മാണം ഭൂരിഭാഗവും പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്.”, അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. ഏതാണ്ട് 800 കിലോമീറ്റർ നീളത്തിലാണ് ഈ ഹൈവേ പണിതീർക്കുന്നത്.
ലോകത്ത് തന്നെ ഏറ്റവും ദുഷ്കരമായ ഏതാനം ഭൂപ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്ന് പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമികളിലൊന്നായ റുബഉൽ ഖാലി മരുഭൂമിയിലൂടെ കടന്ന് പോകുന്ന ഈ ഹൈവേയുടെ 580 കിലോമീറ്റർ സൗദി അറേബ്യയിലും, 160 കിലോമീറ്റർ ഒമാനിലും സ്ഥിതി ചെയ്യുന്നു.
ഒമാനിലെ ഇബ്രി പട്ടണത്തിൽ നിന്ന് ആരംഭിച്ച് സൗദിയിലെ അൽ അഹ്‌സ പട്ടണത്തിൽ അവസാനിക്കുന്ന രീതിയിലാണ് ഈ പാത നിർമ്മിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ കരമാർഗ്ഗമുള്ള യാത്രാ സമയത്തിൽ 16 മണിക്കൂർ ലഭിക്കുന്നതിന് ഈ പുതിയ ഹൈവേ സഹായകമാകും.
Cover Photo: Oman News Agency.