കുവൈറ്റ്: കോവിഷീൽഡ് വാക്സിന് രാജ്യത്ത് അംഗീകാരമുണ്ടെന്ന് ഇന്ത്യൻ അംബാസഡർ അറിയിച്ചു

Kuwait

ഇന്ത്യയിലെ കോവിഷീൽഡ് വാക്സിന് കുവൈറ്റിൽ അംഗീകാരമുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ H.E. സിബി ജോർജ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കോവിഷീൽഡ് എന്ന ബ്രാൻഡ് നാമത്തിൽ നൽകുന്ന വാക്സിൻ കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഓക്സ്ഫോർഡ്-ആസ്ട്രസെനേക വാക്സിൻ തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ വാക്സിന് ആഗോളതലത്തിൽ അംഗീകാരമുണ്ടെന്നും, യാത്രകൾ പുനരാരംഭിക്കുന്ന ഘട്ടത്തിൽ, ഈ വാക്സിനെടുത്തവർക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ കോവിഷീൽഡ് എന്ന് രേഖപ്പെടുത്തുന്നത് കൊണ്ട് യാത്രകൾ മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിൽ കോവിഷീൽഡ് എന്ന ബ്രാൻഡ് നാമത്തിൽ നൽകുന്ന ഓക്സ്ഫോർഡ്-ആസ്ട്രസെനേക വാക്സിൻ യു എ ഇ അംഗീകൃത COVID-19 വാക്സിൻ ആണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) നേരത്തെ വ്യക്തമാക്കിയിരുന്നു.