2021 ജൂലൈ 11 മുതൽ രാജ്യത്തെ എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 11-ന് വൈകീട്ടാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച രാജ്യത്തെ എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും രണ്ടാം ഡോസ് കുത്തിവെപ്പ് ലഭ്യമാണ്. ‘Sehhaty’ ആപ്പിലൂടെ രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള മുൻകൂർ ബുക്കിങ്ങ് പൂർത്തിയാക്കാവുന്നതാണ്.”, സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇതുവരെ നാല്പത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്കാണ് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകിയിരുന്നത്.
രാജ്യത്തെ വാക്സിനേഷൻ നടപടികളുടെ ഭാഗമായി മോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ജൂലൈ 9-ന് അനുമതി നൽകിയിട്ടുണ്ട്.