കൊറോണാ വൈറസ് രോഗബാധയ്ക്ക് Covid-19 എന്ന ഔദ്യോഗിക നാമം നൽകി ലോക ആരോഗ്യ സംഘടന

International News

2019-ൽ കണ്ടെത്തിയ പുതിയ കൊറോണാ വൈറസ് ബാധയ്ക്ക് ലോക ആരോഗ്യ സംഘടന Covid-19 എന്ന ഔദ്യോഗിക നാമം നൽകി. ഏതെങ്കിലും ഒരു സ്ഥലത്തിനോ, ജനതയ്‌ക്കോ രോഗവുമായി ബന്ധപ്പെട്ടു വരാവുന്ന കളങ്കപ്പെടുത്തലുകളോ ദുഷ് പ്രചാരണങ്ങൾക്കിടയാകാവുന്ന മുദ്രകുത്തലുകളോ ഒഴിവാക്കാനാണ് ഈ നടപടി. ചൊവ്വാഴ്ച്ച ജെനീവയിൽ നടന്ന പത്രസമ്മേളനത്തിൽ ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധനോം ഗബ്രിയായ്സസ് (Tedros Adhanom Ghebreyesus) അറിയിച്ചതാണ് ഇക്കാര്യം.

കൊറോണാ വൈറസ് എന്ന നാമം പുതുതായി കണ്ടെത്തിയ വൈറസ് ഉൾപ്പെടുന്ന വൈറസ് വർഗത്തിന് പൊതുവായി ഉള്ള നാമമായിരുന്നു. 2019 അവസാനം കണ്ടെത്തിയ മാരകമായ പുതിയ ഇനം കൊറോണാ വൈറസ് ബാധയെ തിരിച്ചറിയാൻ ഇതുവരെ 2019-nCoV എന്ന പദമായിരുന്നു ഉപയോഗിച്ചുരുന്നത്. Covid-19 (CoronaVirus Disease, 2019) എന്ന ഔദ്യോഗിക നാമം ഉപയോഗിക്കുന്നതിലൂടെ ഈ രോഗബാധയെ ആശയക്കുഴപ്പങ്ങളില്ലാതെ ലോകത്തെങ്ങും ആരോഗ്യമേഖലയിലെ പ്രവർത്തകർക്ക് വിശേഷിപ്പിക്കാനാകും. കൃത്യമായ ഒരു നാമം ഉണ്ടാകുക എന്നത് സുപ്രധാനമായ ഒരു കാര്യമാണെന്നും, രോഗത്തെ നിർവചിക്കാൻ അയഥാര്‍ത്ഥമായതോ തെറ്റായതോ ആയ പേരുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും ഏതെങ്കിലും പ്രത്യേക വിഭാഗം ആളുകൾക്കോ സ്ഥലങ്ങൾക്കോ രോഗബാധയുടെ പേരിൽ ഉണ്ടായേക്കാവുന്ന മുദ്രകുത്തലുകൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും എന്നും ലോക ആരോഗ്യ സംഘടനാ തലവൻ കൂട്ടിച്ചേർത്തു.

Covid-19 രോഗബാധയ്ക്ക് കാരണമാകുന്ന വൈറസിനെ SARS-CoV-2 (Severe Acute Respiratory Syndrome Coronavirus 2) എന്നായിരിക്കും ഇനി ഔദ്യോഗികമായി വിശേഷിപ്പിക്കുക. ഈ വൈറസ് ബാധ ലോകത്താകമാനം ഇതുവരെ 45,000-ൽ പരം ആളുകളെ ബാധിക്കുകയും1,100-ൽ അധികം മരണങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

1 thought on “കൊറോണാ വൈറസ് രോഗബാധയ്ക്ക് Covid-19 എന്ന ഔദ്യോഗിക നാമം നൽകി ലോക ആരോഗ്യ സംഘടന

Comments are closed.