ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് ജൂലൈ 12 മുതൽ Ehteraz വെബ്‌സൈറ്റിൽ മുൻ‌കൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കി

GCC News

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2021 ജൂലൈ 12 മുതൽ Ehteraz വെബ്‌സൈറ്റിൽ മുൻ‌കൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO) അറിയിച്ചു. https://www.ehteraz.gov.qa/ എന്ന വിലാസത്തിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്.

https://twitter.com/GCOQatar/status/1414624115458252817

ജൂലൈ 12-ന് രാത്രിയാണ് ഖത്തർ GCO ഇക്കാര്യം അറിയിച്ചത്. ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് മടങ്ങുന്നവർക്കും, യാത്രചെയ്യുന്നവർക്കും ജൂലൈ 12 മുതൽ ഈ പുതിയ യാത്രാ നിബന്ധന ബാധകമാക്കിയിട്ടുണ്ട്.

Ehteraz വെബ്‌സൈറ്റിലെ ‘Pre-Registration System’ രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരുടെ ആരോഗ്യ സ്റ്റാറ്റസ് സംബന്ധമായ വിവരങ്ങൾ പരിശോധിക്കുന്നതിനും, ക്വാറന്റീൻ നടപടികൾ, ക്വാറന്റീൻ ഇളവുകൾ സംബന്ധിച്ച മുൻ‌കൂർ അനുമതികൾ തുടങ്ങിയ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമായാണ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തേക്ക് കര, കടൽ, വ്യോമ അതിർത്തികളിലൂടെ പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഈ മുൻ‌കൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

യാത്രികർ ഈ വെബ്‌സൈറ്റിൽ ഒരു അക്കൗണ്ട് നിർമ്മിച്ച ശേഷം, തങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ മുതലായവ നൽകേണ്ടതാണ്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 12 മുതൽ 72 മണിക്കൂർ മുൻപായി ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

ഖത്തർ പൗരന്മാർ, പ്രവാസികൾ എന്നിവർ തങ്ങളുടെ ഐഡി നമ്പർ നൽകേണ്ടതാണ്. ജിസിസി പൗരന്മാർക്ക് തങ്ങളുടെ പാസ്പ്പോർട്ട് നമ്പർ ഉപയോഗിച്ചും, സന്ദർശകർക്ക് തങ്ങളുടെ പാസ്പ്പോർട്ട് നമ്പർ, വിസ നമ്പർ എന്നിവ ഉപയോഗിച്ചും ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. യാത്രികർ തങ്ങളുടെ വാക്സിനേഷൻ സംബന്ധമായ വിവരങ്ങൾ, രോഗബാധ സംബന്ധമായ വിവരങ്ങൾ മുതലായവ ഈ വെബ്‌സൈറ്റിൽ നൽകേണ്ടതാണ്.

‘Pre-Registration System’ എന്ന ഈ സേവനം ഖത്തർ തങ്ങളുടെ COVID-19 കോൺടാക്ട് ട്രേസിങ്ങ് ആപ്പായ Ehteraz-ൽ ജൂലൈ ആദ്യ വാരത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആ സന്ദർഭത്തിൽ ഈ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നില്ല.