ഖത്തർ: പൗരന്മാർക്കും, പ്രവാസികൾക്കും Ehteraz വെബ്‌സൈറ്റിൽ മുൻ‌കൂർ രജിസ്‌ട്രേഷൻ നിർബന്ധമല്ല; സന്ദർശകർ രജിസ്റ്റർ ചെയ്യേണ്ടതാണ്

GCC News

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് Ehteraz വെബ്‌സൈറ്റിൽ മുൻ‌കൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതായുള്ള ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസിന്റെ ജൂലൈ 12-ലെ അറിയിപ്പിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ പുതിയ അറിയിപ്പ് പ്രകാരം, ഖത്തർ പൗരന്മാർക്കും, പ്രവാസികൾക്കും Ehteraz വെബ്‌സൈറ്റിൽ മുൻ‌കൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നത് ഒഴിവാക്കി നൽകിയിട്ടുണ്ട്.

ജൂലൈ 13-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2021 ജൂലൈ 12 മുതൽ https://www.ehteraz.gov.qa/ എന്ന വിലാസത്തിൽ മുൻ‌കൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതായി ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.

രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി ഖത്തർ പൗരന്മാർക്കും, പ്രവാസികൾക്കും Ehteraz വെബ്‌സൈറ്റിലെ മുൻ‌കൂർ രജിസ്‌ട്രേഷൻ ഒഴിവാക്കാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മറ്റു സന്ദർശകർക്ക് Ehteraz വെബ്‌സൈറ്റിലെ മുൻ‌കൂർ രജിസ്‌ട്രേഷൻ, മുൻ‌കൂർ പ്രവേശനാനുമതി എന്നിവ നിർബന്ധമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

Ehteraz വെബ്‌സൈറ്റിലെ ‘Pre-Registration System’ രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരുടെ ആരോഗ്യ സ്റ്റാറ്റസ് സംബന്ധമായ വിവരങ്ങൾ പരിശോധിക്കുന്നതിനും, ക്വാറന്റീൻ നടപടികൾ, ക്വാറന്റീൻ ഇളവുകൾ സംബന്ധിച്ച മുൻ‌കൂർ അനുമതികൾ തുടങ്ങിയ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമായാണ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തേക്ക് കര, കടൽ, വ്യോമ അതിർത്തികളിലൂടെ പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഈ മുൻ‌കൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതായാണ് നേരത്തെ അറിയിച്ചിരുന്നത്.