വിവിധ കമ്പനികളുടെ COVID-19 വാക്സിൻ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം

Saudi Arabia

രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വിവിധ കമ്പനികളുടെ COVID-19 വാക്സിനുകൾ ഒരുമിച്ചെടുക്കുന്നത് സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഉറപ്പ് നൽകിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദാലിയെ ഉദ്ധരിച്ചാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്നും ലോകത്തെ പല രാജ്യങ്ങളും ഈ നടപടിക്രമം പിന്തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “വിവിധ ബ്രാൻഡുകളുടെ വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് തെറ്റായ വ്യാഖ്യാനങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവരങ്ങളെ അടിസ്ഥാനമാക്കി, രാജ്യത്ത് അംഗീകരിച്ച വാക്സിനുകൾ മിശ്രിതമാക്കുന്നതിന്റെ സുരക്ഷ ഞങ്ങൾ ഇവിടെ സ്ഥിരീകരിക്കുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്തെ നിരവധി രാജ്യങ്ങളും ഈ നടപടിക്രമത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. അതോടൊപ്പം അന്താരാഷ്ട്ര ഗവേഷണങ്ങളിൽ നിന്നും പ്രത്യേക ശാസ്ത്ര സമിതികളിൽ നിന്നും ഇതിന് അനുമതി ലഭിച്ചിട്ടുണ്ട്.”, അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, ഒന്നാമത്തെയും, രണ്ടാമത്തെയും ഡോസ് കുത്തിവെപ്പുകൾക്കായി വ്യത്യസ്ത കമ്പനികളുടെ വാക്സിൻ ഉപയോഗിക്കുന്നതിന് ജൂൺ 23-ന് സൗദി നാഷണൽ സയന്റിഫിക് കമ്മിറ്റി ഫോർ ഇൻഫെക്ഷ്യസ് ഡിസീസസ്‌ അംഗീകാരം നൽകിയിരുന്നു. ഇതോടെ ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് സൗദി അംഗീകരിച്ചിട്ടുള്ള മറ്റൊരു കമ്പനിയുടെ വാക്സിൻ രണ്ടാം ഡോസായി സ്വീകരിക്കുന്നതിന് ഔദ്യോഗിക അനുമതി ലഭിച്ചിരുന്നു.

WAM