റീബൂട്ട് കേരള ഹാക്കത്തോൺ 2020 പരമ്പരയ്ക്ക് തുടക്കമായി

Kerala News

ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപും സംയുക്തമായി സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോൺ 2020 പരമ്പരയിലെ ആദ്യ ഹാക്കത്തോൺ തിരുവനന്തപുരം  എൽ.ബി.എസ് വനിതാ എൻജിനീയറിംഗ് കോളേജിൽ തുടങ്ങി.  ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ ഹാക്കത്തോണിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പുതിയകാലത്ത്  സർട്ടിഫിക്കറ്റുകളെക്കാൾ കൂടുതൽ ഉദ്യോഗാർത്ഥികളുടെ പ്രശ്‌നപരിഹാര കഴിവാണ് ജോലികൾക്ക് മാനദണ്ഡമായി പരിഗണിക്കുകയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഹാക്കത്തോണിലൂടെ അനന്ത സാധ്യതകളുടെ കവാടമാണ് തുറക്കുന്നത്.  വിദ്യാർഥികളുടെ കഴിവ് നാടിന് പ്രയോജനപ്പെടുത്തുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അവസരമൊരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആദ്യ ഹാക്കത്തോണിൽ ആഭ്യന്തര വകുപ്പിലെ പ്രശ്‌നങ്ങളാണ് പരിഹാര നിർദ്ദേശത്തിനായി മത്സരാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. വിവിധ വകുപ്പുകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് 36 മണിക്കൂർ തുടർച്ചയായി നീണ്ടുനിൽക്കുന്ന ഹാക്കത്തോണുകളിൽ വിദ്യാർഥികൾ പരിഹാരങ്ങൾ കണ്ടെത്തും. പത്ത് പ്രാദേശിക ഹാക്കത്തോണും ഗ്രാന്റ് ഫിനാലയുമാണ് റീബൂട്ട് കേരളയിലുണ്ടാകുക.

ഇന്ന് (ഫെബ്രുവരി 14) മുതൽ മാർച്ച് 15 വരെ  പത്ത് ജില്ലകളിലായാണ് പ്രാദേശിക ഹാക്കത്തോണുകൾ നടക്കുക. 30 ടീമുകളാണ് ഓരോ സ്ഥലത്തും മത്സരിക്കുക. സാങ്കേതിക വിദഗ്ദ്ധർ, വകുപ്പ് പ്രതിനിധികൾ, സോഷ്യൽ എൻജിനിയർ എന്നിവരടങ്ങുന്ന സമിതിയാണ് വിധി നിർണ്ണയിക്കുക.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.  എൽ.ബി.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൾ റഹ്മാൻ സ്വാഗതവും അബ്ദുൾ ജാഫർ അഹമ്മദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *