ബഹ്‌റൈൻ: ജൂലൈ 23 മുതൽ ഗ്രീൻ ലെവൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

2021 ജൂലൈ 23, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ COVID-19 പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.

https://twitter.com/MOH_Bahrain/status/1418189537679974401

ജൂലൈ 22-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് നിലവിലുള്ള ആകെ രോഗബാധിതരുടെ എണ്ണം, ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം, ICU സംവിധാനങ്ങളുടെ ലഭ്യത, പോസിറ്റിവിറ്റി നിരക്ക് തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ജൂലൈ 23 മുതൽ ഗ്രീൻ ലെവൽ നിയന്ത്രണങ്ങൾ പ്രയോഗക്ഷമമാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്.

പതിനാല് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 2 ശതമാനത്തിന് താഴെയാകുന്ന അവസരത്തിലാണ് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്തുന്നത്. ഗ്രീൻ അലേർട്ട് ലെവൽ നിലനിൽക്കുന്ന കാലയളവിൽ സിനിമാശാലകൾ, ഇൻഡോറിൽ നടക്കുന്ന ചടങ്ങുകൾ, പരിപാടികൾ, ഇൻഡോർ കായികമത്സരങ്ങൾ എന്നിവിടങ്ങളിലേക്ക് വാക്സിനെടുത്തവർക്കും, രോഗമുക്തർക്കും, ഇവരോടൊപ്പം എത്തുന്ന 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും മാത്രമാണ് പ്രവേശനം നൽകുന്നത്.

ഗ്രീൻ ലെവൽ നിയന്ത്രണ പ്രകാരം താഴെപറയുന്ന ഇടങ്ങളിലേക്ക് വാക്സിനെടുത്തവർക്കും, വാക്സിനെടുക്കാത്തവർക്കും പ്രവേശനം നൽകുന്നതാണ്:

  • ചില്ലറവില്പന ശാലകൾ.
  • ഷോപ്പിംഗ് മാളുകൾ.
  • ജിം, സ്പോർട്സ് ഹാൾ.
  • ഭക്ഷണശാലകൾ.
  • സ്വിമ്മിങ്ങ് പൂൾ.
  • പുറം ഇടങ്ങളിൽ കോൺഫറൻസുകൾ പോലുള്ള പരിപാടികൾക്ക് അനുമതി.
  • ബാർബർ ഷോപ്പ്, സലൂൺ, ബ്യുട്ടി പാർലർ,
  • കളിയിടങ്ങൾ, വിനോദ കേന്ദ്രങ്ങൾ.
  • സർക്കാർ സേവനകേന്ദ്രങ്ങൾ.

ഗ്രീൻ ലെവൽ അലേർട്ട് ലെവൽ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ ഇളവുകൾ അനുവദിക്കപ്പെടുമെങ്കിലും, മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് നാഷണൽ ടാസ്‌ക്‌ഫോഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ജൂലൈ 2 മുതൽ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്. രാജ്യത്ത് ജൂലൈ 16 മുതൽ ജൂലൈ 19 വരെ ഗ്രീൻ ലെവൽ അലേർട്ട് ലെവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ജൂലൈ 19 മുതൽ ജൂലൈ 22 വരെയുള്ള അറഫ, ഈദുൽ അദ്ഹ അവധിദിനങ്ങളിൽ രാജ്യത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി ഓറഞ്ച് ലെവൽ നിയന്ത്രണങ്ങൾ പ്രയോഗക്ഷമമാക്കുകയായിരുന്നു.