ധോഫറിലേക്ക് യാത്ര ചെയ്യുന്നവർ ദിനം തോറുമുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമം കണക്കിലെടുക്കണമെന്ന് ഒമാൻ പോലീസ്

GCC News

ധോഫർ ഗവർണറേറ്റിലേക്ക് യാത്ര ചെയ്യുന്നവർ ദിനം തോറുമുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമം കണക്കിലെടുത്ത് വേണം തങ്ങളുടെ യാത്രകൾ ക്രമീകരിക്കാനെന്ന് റോയൽ ഒമാൻ പോലീസ് പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. ദിനവും വൈകീട്ട് 5 മുതൽ പുലർച്ചെ 4 മണി വരെ ഒമാനിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു അറിയിപ്പ്.

ജൂലൈ 26-ന് വൈകീട്ടാണ് റോയൽ ഒമാൻ പോലീസ് ഈ അറിയിപ്പ് നൽകിയത്. നിലവിലെ സാഹചര്യങ്ങളിൽ നിലനിൽക്കുന്ന യാത്രാവിലക്കുകളുടെ സമയങ്ങളിൽ യാത്ര ഒഴിവാക്കുന്ന രീതിയിൽ യാത്രകൾ ക്രമീകരിക്കാനാണ് അധികൃതർ നിർദ്ദേശിച്ചത്.

ഈദുൽ അദ്ഹ ദിനങ്ങളിൽ നടപ്പിലാക്കിയിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ ജൂലൈ 24, ശനിയാഴ്ച്ച പുലർച്ചെ 4 മണിക്ക് അവസാനിച്ചിരുന്നെങ്കിലും, ദിനം തോറുമുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒമാനിൽ തുടരുകയാണ്.

2021 ജൂലൈ 9 മുതൽ ധോഫർ, മുസന്ദം എന്നീ ഗവർണറേറ്റുകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു.