എമിറേറ്റ്സ് ഐഡി കാർഡിന്റെ പുതുക്കിയതും, നവീകരിച്ചതുമായ പതിപ്പ് പുറത്തിറക്കിയതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു. ഇത്തരം പുതിയ ഐഡി കാർഡുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന നടപടികൾ ആരംഭിച്ചതായും ICA കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 7-ന് രാത്രിയാണ് ICA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. പുതിയ തലമുറയിൽപ്പെട്ട എമിറാത്തി പാസ്സ്‌പോർട്ട്, നാഷണൽ ഐഡൻറിറ്റി കാർഡ് പദ്ധതിയുടെ ഭാഗമായാണ് ഈ നവീകരിച്ച എമിറേറ്റ്സ് ഐഡി കാർഡ് പുറത്തിറക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ജനങ്ങൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിനുള്ള യു എ ഇ അധികൃതരുടെ നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ICA ആക്ടിങ്ങ് ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി അറിയിച്ചു. രണ്ടാം തലമുറയിൽപ്പെട്ട ഈ ഐഡി കാർഡിൽ സൂക്ഷിച്ചിട്ടുള്ള വിവരങ്ങൾ നൂതന സാങ്കേതികവിദ്യയിലൂടെയാണ് സുരക്ഷിതമാക്കിയിട്ടുള്ളതെന്ന് ICA വ്യക്തമാക്കി.
എമിറേറ്റ്സ് ഐഡി കാർഡിന്റെ നവീകരിച്ച പതിപ്പ് പുതിയ രൂപരേഖപ്രകാരമാണ് തയ്യാറാക്കിയിരിക്കുന്നത്. കൃത്രിമമായി ഇത്തരം കാർഡുകൾ നിർമ്മിക്കുന്നത് തടയുന്നതിനുള്ള സുരക്ഷാ സാങ്കേതിക വിദ്യകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 വർഷത്തോളം കേടുപാടുകൾ കൂടാതെ ഉപയോഗിക്കാനാകുന്ന രീതിയിൽ പോളികാർബണേറ്റുകൾ ഉപയോഗിച്ചാണ് ഈ കാർഡുകൾ നിർമ്മിച്ചിരിക്കുന്നത്. വ്യക്തിയുടെ ജനനത്തീയതി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രത്യേക 3D ഫോട്ടോയും ഈ കാർഡിൽ ആലേഖനം ചെയ്തിട്ടുണ്ട്.
കാർഡിനകത്ത് വ്യക്തിയുടെ തൊഴിൽപരമായ വിവരങ്ങൾ ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ICA വ്യക്തമാക്കി. സ്പർശനരഹിതമായ സാങ്കേതികവിദ്യകളിലൂടെ ഈ കാർഡിലെ വിവരങ്ങൾ അധികൃതർക്ക് പരിശോധിക്കുന്നതിനായി വായിച്ചെടുക്കാവുന്നതാണ്.