25-മത് ഗൾഫുഡ് പ്രദർശനത്തിന് ഫെബ്രുവരി 16-നു ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ (DWTC) തുടക്കമായി. മേഖലയിലെ ഏറ്റവും അധികം തവണയായി നടന്നു വരുന്ന വാർഷിക ഭക്ഷണ പാനീയ വാണിജ്യ പ്രദർശനമാണിത്. ഫെബ്രുവരി 20 വരെ നാല് നാൾ നീളുന്ന ഈ ഭക്ഷ്യ വൈവിധ്യങ്ങളുടെ മേള ലോകത്തെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനങ്ങളിലൊന്നാണ്.
ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം നിർവഹിച്ച ഈ മേളയിൽ പങ്കെടുക്കാനായി ലോകത്തിന്റെ പലയിടങ്ങളിൽ നിന്നായി ആയിരകണക്കിന് പ്രതിനിധികളാണ് വന്നെത്തിയിരിക്കുന്നത്. ഭക്ഷണ പുനർവിചിന്തനം പ്രമേയമാക്കിയിട്ടുള്ള ഗൾഫുഡ് 2020-യിൽ ഭക്ഷ്യ സുരക്ഷ, നൈതികമായ ഭക്ഷ്യ സമ്പാദനം, സുസ്ഥിരമായി ആഹാര സാധനകൾ ഉറപ്പാക്കുന്ന ഭക്ഷണ രീതികൾ എന്നിങ്ങനെ ഭാവിയെ കരുതിയുള്ള ആഹാര സംസ്ക്കാരത്തിന് ഊന്നൽ നൽകുന്ന നിരവധി പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഭക്ഷ്യ രംഗത്തെ നൂതനമായ ആശയങ്ങൾ, ഭക്ഷ്യരംഗത്തെ സുസ്ഥിര വികസനം, പുതുരുചികൾ, പോഷക സമ്പുഷ്ടമായ ഭക്ഷ്യവിഭവങ്ങൾ എന്നിങ്ങനെ ആഹാര രംഗത്തെ പുനർവിലയിരുത്തലുകൾക്ക് പ്രാധാന്യം നൽകുന്ന പ്രത്യേക വിഭാഗങ്ങൾ ഈ ഗൾഫുഡ് 2020-യുടെ സവിശേഷതയാണ്. ഇവ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഭക്ഷ്യ ഉത്പാദകരുടെയും, ആഹാരവസ്തുക്കളുടെ കയറ്റുമതി/ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ ഈ പ്രദർശനത്തിലുണ്ട്.
വിവിധ രാജ്യങ്ങളിലെയും സംസ്കാരങ്ങളിലെയും തനതു രുചികൾ അടുത്തറിയാനും, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള പേരുകേട്ട പാചകവിദഗ്ദരുടെ നൈപുണ്യം ആസ്വദിക്കാനും ഈ മേള സന്ദർശകർക്ക് അവസരം ഒരുക്കുന്നു.
1 thought on “ഭക്ഷണ രീതികളിൽ പുനര്‍വിചിന്തനത്തിന് ആഹ്വാനം ചെയ്ത് കൊണ്ട് ഗൾഫുഡ് 2020ക്ക് തുടക്കമായി”
Comments are closed.