അൽ ദഹിറാഹ് ഗവർണറേറ്റിലെ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന വാർത്തകൾ തെറ്റാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗവർണറേറ്റിലെ പ്രവാസികൾക്ക് വാക്സിൻ നൽകുന്ന തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഓഗസ്റ്റ് 12-ന് വൈകീട്ടാണ് അൽ ദഹിറാഹ് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഇക്കാര്യം വ്യക്തമാക്കിയത്. ഗവർണറേറ്റിലെ അൽ മുഹല്ലബ് ഇബ്ൻ അബി സഫ്രാ ഹാളിൽ നിന്ന് പ്രവാസികൾക്ക് വെള്ളിയാഴ്ച്ച വാക്സിൻ ലഭ്യമാക്കുമെന്ന രീതിയിലുള്ള അറിയിപ്പുകളാണ് അധികൃതർ തള്ളിക്കളഞ്ഞത്.
അതേസമയം, 2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുമെന്ന് സൗത്ത് ശർഖിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പാണ് നൽകുന്നത്.