ഒമാൻ: നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകിത്തുടങ്ങി

GCC News

ഗവർണറേറ്റിലെ പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 17, ചൊവ്വാഴ്ച്ച മുതൽ ആരംഭിച്ചതായി നോർത്ത് അൽ ശർഖിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഗവർണറേറ്റിലെ രണ്ട്‍ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായാണ് പ്രവാസികൾക്ക് വാക്സിൻ നൽകുന്നത്.

https://twitter.com/dghs_n_sharqiya/status/1427191478795841540

വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് ‘Tarassud+’ ആപ്പിലൂടെയോ, ആരോഗ്യ മന്ത്രാലയത്തിന്റെ COVID-19 ഓൺലൈൻ പോർട്ടലിലൂടെയോ പൂർത്തിയാക്കാവുന്നതാണ്.

നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾക്ക് താഴെ പറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നാണ് വാക്സിൻ കുത്തിവെപ്പ് നൽകുന്നത്:

  • ഇബ്ര, അൽ ഖാബിൽ, ദമാ വ തയീൻ, ബിദിയ, വാദി ബനി ഖലീദ് എന്നീ വിലായത്തുകളിലുള്ളവർക്ക് – ഇബ്രയിലെ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രം. (ഫോൺ: 25570113)
  • മുദൈബി വിലായത് – മുദൈബി കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് ഹാൾ, മുദൈബി (ഫോൺ: 99111919)

ഓഗസ്റ്റ് 17, ചൊവ്വാഴ്ച്ച മുതൽ ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെ വാക്സിൻ ലഭിക്കുന്നതാണ്. വാക്സിനെടുക്കാനെത്തുന്ന പ്രവാസികൾ മുൻ‌കൂർ ബുക്കിംഗ് നിർബന്ധമായും പൂർത്തിയാക്കേണ്ടതാണ്. ഇവർ തങ്ങളുടെ കൈവശം സാധുതയുള്ള റെസിഡൻസി കാർഡ് കരുതേണ്ടതാണ്.

ബുക്കിംഗ് പ്രകാരം അനുവദിച്ചിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനെടുക്കാൻ വരുന്നവർ സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം തുടങ്ങിയ പ്രതിരോധ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.

അതേസമയം, ബുറൈമി ഗവർണറേറ്റിലെ പ്രവാസികൾക്ക് വാക്സിൻ നൽകുന്ന നടപടികൾ പൂർത്തിയാക്കിയതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനേഷൻ നടപടികൾ പൂർത്തിയായതിനാൽ ബുറൈമി ഗവർണറേറ്റിലെ പ്രവാസികൾക്ക് വരും ദിനങ്ങളിൽ സൗജന്യ വാക്സിൻ ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Cover Photo: @dghs_n_sharqiya