രാജ്യത്തെ മുൻസിപ്പൽ നിയമങ്ങളുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ ഏതാനം തൊഴിലുകളിലുള്ള ജീവനക്കാർക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നതിന്റെ ആദ്യ ഘട്ടം 2022 തുടക്കം മുതൽ നടപ്പിലാക്കുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സൗദി മുൻസിപ്പൽ ആൻഡ് റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ്ങ് വകുപ്പ് മന്ത്രി ഡോ. അഹ്മദ് ഖത്തനാണ് ഇക്കാര്യം അറിയിച്ചത്.
16 തൊഴിലുകളിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. 16 തൊഴിൽ വിഭാഗങ്ങളിൽ 72 ഉപവിഭാഗം തൊഴിലുകളിലെ ജീവനക്കാർക്ക് പടിപടിയായി പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നതാണ്.
ഈ നിയമം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ, ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളിലെ ഏറ്റവും ചുരുങ്ങിയത് ഒരു ജീവനക്കാരാനെങ്കിലും പ്രൊഫഷണൽ ലൈസൻസ് നേടിയിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരുടെയും മുനിസിപ്പൽ ലൈസൻസ് പുതുക്കുന്നതിന് ഈ നടപടി നിർബന്ധമാക്കിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ പ്രവർത്തനങ്ങൾ തടസപ്പെടാത്ത രീതിയിലായിരിക്കും ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
എ സി ടെക്നിഷ്യൻ, ഇലക്ട്രോണിക്സ് ടെക്നിഷ്യൻ, സാറ്റലൈറ്റ് ടെക്നിഷ്യൻ, എലെക്ട്രിഷ്യൻ, പ്ലംബർ, കാർപെന്റർ, ബ്ലാക്ക്സ്മിത്ത്, ബിൽഡർ, പെയിന്റ്ർ, ഫർണിച്ചർ ക്ളീനർ, വാട്ടർ ടാങ്ക് ക്ളീനർ, മെക്കാനിക്, ബാർബർ, ബൂട്ടീഷ്യൻ (ഫീമെയിൽ) തുടങ്ങിയ തൊഴിലുകളിലാണ് ഘട്ടം ഘട്ടമായി പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ ആദ്യ ഘട്ടത്തിൽ ഒരു ജീവനക്കാരനും, തുടർന്ന് അനുക്രമമായി സ്ഥാപനങ്ങളിലെ അമ്പത് ശതമാനം ജീവനക്കാർക്കും പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്ന രീതിയാണ് മന്ത്രാലയം നടപ്പിലാക്കുന്നത്.
Cover Image: Saudi Press Agency.