ഒമാൻ: കര അതിർത്തികൾ തുറക്കാനുള്ള തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു; പ്രവേശന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

GCC News

2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തിന്റെ കര അതിർത്തികൾ തുറന്ന് കൊടുക്കാനുള്ള ഒമാൻ സർക്കാർ തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു. ഒമാനിൽ നിന്ന് യു എ ഇയിലേക്ക് കര അതിർത്തിയിലൂടെ പ്രവേശിക്കുന്നവർക്ക് ബാധകമാകുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ ജനറൽ അതോറിറ്റി ഓഫ് പോർട്ട്സ്, ബോർഡേഴ്സ് ആൻഡ് ഫ്രീ സോൺസ് സെക്യൂരിറ്റി, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) എന്നിവർ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിൽ നിന്ന് കര അതിർത്തികളിലൂടെ പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ ബാധകമാണ്:

  • ഒമാനിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാണ്.
  • യു എ ഇയിൽ പ്രവേശിച്ച ശേഷം വാഹനത്തിൽ നിന്ന് എടുക്കാവുന്ന ഒരു റാപിഡ് PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • ഇത്തരത്തിൽ ഒമാനിൽ നിന്നെത്തുന്നവർ നാല് ദിവസത്തിൽ കൂടുതൽ യു എ ഇയിൽ തുടരുന്ന സാഹചര്യത്തിൽ നാലാം ദിനം ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • ഇവർ എട്ട് ദിവസത്തിൽ കൂടുതൽ യു എ ഇയിൽ തുടരുന്ന സാഹചര്യത്തിൽ എട്ടാം ദിനം മറ്റൊരു PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
  • ഇത്തരത്തിൽ പ്രവേശിക്കുന്ന മുഴുവൻ യാത്രികരും സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കേണ്ടതാണ്. ഇതോടൊപ്പം മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ മുൻകരുതൽ നിർദ്ദേശങ്ങളും ബാധകമാണ്.
  • വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ, COVID-19 രോഗലക്ഷണങ്ങളുള്ളവർ എന്നീ വിഭാഗങ്ങൾ യാത്രകൾ കഴിയുന്നതും ഒഴിവാക്കേണ്ടതാണ്.

2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തിന്റെ കര, കടൽ, വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 26-ന് അറിയിച്ചിരുന്നു.

WAM