കാലാവധി അവസാനിച്ചതും, കേടുപാടുകളുള്ളതുമായ ടയറുകൾ ഉപയോഗിച്ച് എമിറേറ്റിൽ വാഹനങ്ങൾ ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും, ഇത്തരം വാഹനങ്ങൾ 7 ദിവസം പിടിച്ച് വെക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഇത് കൂടാതെ, ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപെടുന്നവർക്ക് 4 ബ്ലാക്ക് പോയിന്റ് ചുമത്തുന്നതാണ്.
എമിറേറ്റിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നത് ലക്ഷ്യമിട്ടാണ് ടയറുകളുടെ സാധുത പരിശോധിച്ചുറപ്പിക്കുന്നതിന് അബുദാബി പോലീസ് ഊന്നൽ നൽകുന്നത്. വാഹനങ്ങളിൽ പഴകിയതും, തേയ്മാനം സംഭവിച്ചതുമായ ടയറുകൾ ഉപയോഗിക്കുന്നത് ഡ്രൈവർമാരുടെയും, റോഡിലെ മറ്റു യാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി അബുദാബി പോലീസ് പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പുതിയ ടയറുകൾ വാങ്ങുന്നവർ അവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് അബുദാബി പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹമിരി നിർദ്ദേശിച്ചു. ഇത് പെട്ടെന്നുള്ള ടയർ പൊട്ടൽ പോലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തേയ്മാനം വന്നതും, കേടുപാടുകൾ ഉള്ളതുമായ ടയറുകൾ വേനൽ ചൂടിൽ അപകടങ്ങൾക്ക് വളരെയധികം കരണാമാകാറുണ്ടെന്ന് അബുദാബി പോലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇയിലെ വേനലിൽ, അന്തരീക്ഷ താപനില 45 ഡിഗ്രിയിൽ കൂടുതൽ ആകുമ്പോൾ ഇത്തരം ടയറുകളുടെ ഉപയോഗം സ്വാഭാവികമായും അപകടങ്ങൾ വിളിച്ച് വരുത്തുന്നതാണ്. സ്വന്തം സുരക്ഷയ്ക്കും, റോഡിലെ മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയാകുന്ന ഈ പ്രവർത്തി ഒഴിവാക്കാൻ ജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തു.