യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2 രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയുമായി വിജയകരമായി ബന്ധിപ്പിച്ചു

GCC News

ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) 2021 സെപ്റ്റംബർ 14-ന് പ്രഖ്യാപിച്ചു. ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ യൂണിറ്റ് 2 ആഗസ്റ്റ് അവസാനത്തോടെ പ്രവർത്തനമാരംഭിച്ചിരുന്നു.

ബറാഖ ആണവോർജ്ജനിലയത്തിന്റെ പരിപാലനവും, അനുബന്ധ പ്രവർത്തനങ്ങളും നിർവഹിക്കുന്ന നവാഹ് എനർജി കമ്പനിയുടെ മേൽനോട്ടത്തിലാണ് യൂണിറ്റ് 2-നെ യു എ ഇ പവർ ഗ്രിഡിലേക്ക് സുരക്ഷിതമായും വിജയകരമായും ബന്ധിപ്പിച്ചത്. ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-ൽ നിന്നും ഉത്പാദിപ്പിക്കുന്ന കാർബൺ രഹിത വൈദ്യതി നിലവിൽ രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയിലേക്ക് നൽകിത്തുടങ്ങിയതായും ENEC കൂട്ടിച്ചേർത്തു.

2021 ഓഗസ്റ്റ് 27-ന് യൂണിറ്റ് 2-ന്റെ പ്രവർത്തനം സുരക്ഷിതവും വിജയകരവുമായി ആരംഭിച്ചതോടെ ബറാക്ക പ്ലാന്റ് യു എ ഇയിലെയും അറബ് ലോകത്തിലെയും ആദ്യത്തെ മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ആണവ നിലയമായി മാറിയിരുന്നു. കർശനമായ ദേശീയ നിയന്ത്രണങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിക്കുന്നതിൽ യുഎഇയുടെ വൈദഗ്ധ്യം പ്രകടമാക്കുന്നതാണ് പ്രസ്തുത പ്ലാന്‍റ്. യൂണിറ്റ് 1-ലെ ഓപ്പറേഷൻ ടീമുകൾ വികസിപ്പിച്ച സഞ്ചിത പരിജ്ഞാനവും വൈദഗ്ധ്യവും യൂണിറ്റ് 2-നെ കൂടുതൽ കാര്യക്ഷമമായി ഗ്രിഡിലേക്ക് ബന്ധിപ്പിക്കാൻ സഹായകമായി. സ്റ്റാർട്ടപ്പിനും കണക്ഷനും ഇടയിലുള്ള സമയം 10% കുറയ്ക്കുന്നതിന് സാധിച്ചിരുന്നു.

യൂണിറ്റ് 2-നെ രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലയോട് സംയോജിപ്പിച്ചതോടെ ഗ്രിഡിലേക്ക് 1,400 മെഗാവാട്ട് ശുദ്ധമായ വൈദ്യുതി ശേഷി കൂടി ചേർക്കാനുള്ള തയ്യാറെടുപ്പുകൾ ഈ യൂണിറ്റിൽ ആരംഭിച്ചിട്ടുണ്ട്. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണമായ കാർബൺ പ്രസാരണം പരമാവധി കുറച്ച്കൊണ്ട് രാജ്യത്തിന്റെ വൈദ്യുതിയുടെ നാലിലൊന്ന് വരെ വിതരണം ചെയ്യാനുള്ള ലക്ഷ്യത്തിന്റെ പാതിവഴിയിലേക്ക് യു എ ഇയെ ഒരു ചുവട് കൂടി അടുപ്പിക്കുന്നു.

സംയോജനവും കണക്ഷനും പൂർത്തിയായതോടെ, യൂണിറ്റ് 2-ന്റെ ന്യൂക്ലിയർ ഓപ്പറേറ്റർമാർ പവർ അസൻഷൻ ടെസ്റ്റിംഗ് (PAT) എന്നറിയപ്പെടുന്ന റിയാക്ടറിന്റെ പവർ ലെവലുകൾ ക്രമേണ ഉയർത്തുന്ന പ്രക്രിയ ആരംഭിക്കും. ഈ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, യൂണിറ്റ് 2 പതിറ്റാണ്ടുകളോളം ആയിരക്കണക്കിന് അധിക മെഗാവാട്ട് ശുദ്ധമായ വൈദ്യുതി ലഭ്യമാക്കുന്നതാണ്.

സമാധാന ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ രാജ്യമാണ് യു എ ഇ. നവാഹ് എനർജി കമ്പനിയുടെ (Nawah) കീഴിൽ പ്രവർത്തിക്കുന്ന ബറാഖ ആണവോർജ്ജനിലയം, അബുദാബിയിലെ അൽ ദഫ്‌റ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1-നെ രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടികൾ 2020 ഓഗസ്റ്റ് 19-ന് വിജയകരമായി പൂർത്തിയാക്കിയിരുന്നു.

WAM