രാജ്യത്തെ സ്വകാര്യ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭകർക്ക് നിലവിലെ പ്രതിസന്ധികൾ മറികടക്കുന്നതിനും, അവരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുസ്ഥിരമായ പുരോഗതി ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഏതാനം തീരുമാനങ്ങൾ ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്റ്റംബർ 22-ന് വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
ഒമാനിലെ സ്വകാര്യ മേഖലയിൽ കൊറോണ വൈറസ് പശ്ചാത്തലത്തിൽ രൂപപ്പെട്ട പ്രതിസന്ധികൾ കൃത്യമായി വിലയിരുത്തിയ ശേഷമാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇത് പ്രകാരം, സ്വകാര്യ മേഖലയ്ക്ക് കരുത്ത് പകരുന്നതിനായി താഴെ പറയുന്ന തീരുമാനങ്ങളും, ഇളവുകളുമാണ് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്:
- 2020 ജൂൺ 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ ലൈസൻസ് കാലാവധി അവസാനിച്ചതോ, അവസാനിക്കുന്നതോ ആയിട്ടുള്ള പ്രവർത്തനങ്ങളുടെ ലൈസൻസ് പുതുക്കുകയാണെങ്കിൽ അവയുമായി ബന്ധപ്പെട്ടുള്ള പിഴതുകകൾ ഒഴിവാക്കുന്നതാണ്.
- 2020 ജൂൺ 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കുന്ന പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴതുകകൾ ഒഴിവാക്കുന്നതാണ്. ഈ തീരുമാനം ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുന്ന പ്രവാസി തൊഴിലാളികളുടെ പെർമിറ്റുകൾക്കും, കാലാവധി പുതുക്കുന്ന പെർമിറ്റുകൾക്കും ബാധകമാണ്.
- സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസ്, അനുബന്ധ രേഖകൾ എന്നിവ സമയബന്ധിതമായി പുതുക്കാത്തതിന് ചുമത്തിയിട്ടുള്ള പിഴകൾ, ഇത്തരം രേഖകൾ 2021-ൽ പുതുക്കുകയാണെങ്കിൽ ഒഴിവാക്കുന്നതാണ്.
- നിലവിൽ ഒമാനിന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി അവസാനിച്ച വർക്ക് ലൈസൻസുകൾ തൊഴിലുടമയ്ക്ക് പുതുക്കുന്നതിന് അനുമതി നൽകുന്നതാണ്. 2020 ജൂൺ 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇതുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴതുകകൾ ഒഴിവാക്കുന്നതാണ്.
- ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ റിയാദ കാർഡ് പുതുക്കുന്നതിനുള്ള 2021 വർഷത്തിലെ ഫീ ഒഴിവാക്കി നൽകുന്നതാണ്.
- ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച് കൂടുതൽ സാവകാശം അനുവദിക്കുന്നതിന് ബാങ്കുകളോട് കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
- ലോണുകൾ പ്രത്യേക ഫീ കൂടാതെ പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യം നൽകും.
- ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് ടെണ്ടർ ബോർഡിന് കീഴിലുള്ള ഇസ്നാദ് സംവിധാനത്തിൽ രെജിസ്റ്റർ ചെയ്യുന്നതിനുള്ള തുക ഒഴിവാക്കും.
- ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ കൈവശപ്പണയ വ്യവസ്ഥയിൽ എടുത്തിട്ടുള്ള സ്ഥലങ്ങളുമായി ബന്ധപ്പെട്ടുള്ള തിരിച്ചടവുകളുടെ കുടിശ്ശികകൾക്ക് കൂടുതൽ സമയം അനുവദിക്കും.