ബഹ്‌റൈനിൽ നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി പോകുന്ന തീർത്ഥാടകർക്കുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച അറിയിപ്പ്

GCC News

രാജ്യത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി പോകുന്ന തീർത്ഥാടകർക്ക് ഇതിനായുള്ള പെർമിറ്റുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിപ്പ് നൽകി. ഉംറ പെർമിറ്റുകൾ, മക്കയിലെ ഗ്രാൻഡ് മോസ്‌ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ സന്ദർശിക്കുന്നതിനുള്ള പെർമിറ്റ് എന്നിവ നേടുന്നതിനായി സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ള നടപടിക്രമങ്ങളാണ് മന്ത്രാലയം ആവർത്തിച്ചത്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിബന്ധനകളും, നടപടിക്രമങ്ങളുമാണ് ബഹ്‌റൈൻ അറിയിച്ചിരിക്കുന്നത്:

  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഉംറ വിസകൾ അനുവദിക്കുന്നത്. രോഗമുക്തി നേടി 14 ദിവസം പൂർത്തിയാക്കിയവർ, വാക്സിൻ സ്വീകരിച്ച ശേഷം 14 ദിവസം പൂർത്തിയാക്കിയവർ എന്നീ വിഭാഗങ്ങൾക്കാണ് ഇത്തരത്തിൽ അപേക്ഷിക്കാൻ അനുമതി.
  • മുഖീം ആപ്പിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്.
  • ഉംറ പെർമിറ്റ് ലഭിക്കുന്നതിന് മുൻപായി വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിന് ‘Tawakkalna’, ‘Eatmarna’ എന്നീ ആപ്പുകൾ ഉപയോഗിക്കേണ്ടതാണ്.
  • ഉംറ പെർമിറ്റ് പ്രകാരം തീർത്ഥാടനത്തിന് അനുവദിച്ചിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ്.
  • ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക, മോഡർന, ജോൺസൺ ആൻഡ് ജോൺസൺ എന്നീ COVID-19 വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദേശ തീർത്ഥാടകർക്കാണ് സൗദി ഉംറ അനുഷ്ഠിക്കുന്നതിനായി പ്രവേശനം അനുവദിക്കുന്നത്.
  • സിനോഫാം, സിനോവാക് എന്നീ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് ഫൈസർ, ആസ്ട്രസെനേക, മോഡർന, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് എടുത്ത ശേഷം പ്രവേശനം അനുവദിക്കുന്നതാണ്.
  • ഉംറ പെർമിറ്റുകൾ ഇല്ലാതെ തീർത്ഥാടനത്തിന് ശ്രമിക്കുന്നവർക്ക് കനത്ത പിഴ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരുന്നതാണ്.