ഷഹീൻ ചുഴലിക്കാറ്റ്: യു എ ഇയിലെ ബീച്ചുകൾ, താഴ്‌ന്നപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ വിലക്കിയതായി NCEMA

GCC News

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ബീച്ചുകൾ, താഴ്‌വരകൾ, താഴ്‌ന്നപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ വിലക്കിയതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ഒക്ടോബർ 2-ന് രാത്രിയാണ് NCEMA ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

മോശം കാലാവസ്ഥ കണക്കിലെടുത്ത്, ചുഴലിക്കാറ്റിന്റെ സ്വാധീനം അനുഭവപ്പെടുന്ന ദിനങ്ങളിൽ രാജ്യത്തെ ബീച്ചുകൾ സന്ദർശിക്കുന്നത് വിലക്കിയതായും, കടലിൽ പോകുന്നതിന് താത്‌കാലിക വിലക്കേർപ്പെടുത്തിയതായും NCEMA വ്യക്തമാക്കി. വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക് തുടങ്ങിയവയ്ക്ക് സാധ്യതയുള്ള രാജ്യത്തെ താഴ്ന്ന പ്രദേശങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാനും NCEMA ആവശ്യപ്പെട്ടിട്ടുണ്ട്.

ഷഹീൻ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അടിയന്തിര പത്ര സമ്മേളനത്തിലാണ് NCEMA ഇക്കാര്യങ്ങൾ അറിയിച്ചത്. ഓരോ എമിറേറ്റുകളിലെയും സാഹചര്യങ്ങൾ പ്രത്യേകം വിലയിരുത്തിയ ശേഷം വിദ്യാലയങ്ങളിൽ ആവശ്യമെങ്കിൽ വിദൂര രീതിയിലുള്ള പഠനം നടപ്പിലാക്കുമെന്നും NCEMA വ്യക്തമാക്കിയിട്ടുണ്ട്.

പൊതുജനങ്ങളോട് ജാഗ്രത പുലർത്താനും, തീരപ്രദേശങ്ങളിൽ നിന്നും, താഴ്‌വരകളിൽ നിന്നും, അണക്കെട്ടുകൾ മുതലായ ഇടങ്ങളിൽ നിന്നും മാറിനിൽക്കുന്നതിനും NCEMA ആവശ്യപ്പെട്ടു. യു എ ഇയുടെ കിഴക്കന്‍ മേഖലകളിലെ തീരദേശ മേഖലകളിൽ താമസിക്കുന്നവരോട് അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും NCEMA ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം, 2021 ഒക്ടോബർ 3, ഞായറാഴ്ച്ച മുതൽ ഒക്ടോബർ 5, ചൊവ്വാഴ്ച്ച വരെയുള്ള ദിവസങ്ങളിൽ യു എ ഇയുടെ കിഴക്കന്‍ തീരദേശ മേഖലകളിൽ ഷഹീൻ ചുഴലിക്കാറ്റിന്റെ സ്വാധീനം അനുഭവപ്പെടാമെന്നും NCEMA വ്യക്തമാക്കിയിട്ടുണ്ട്.

ഫുജൈറ, അൽ ഐൻ തുടങ്ങിയ മേഖലകളിൽ അതിശക്തമായ മഴ, കാറ്റ് തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മണൽക്കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ദുബായിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും – ഹത്തയിലെ പൊതു വിദ്യാലയങ്ങൾ ഒഴികെ – ഒക്ടോബർ 3, 4 തീയതികളിൽ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ദുബായ് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഹത്തയിലെ പൊതു വിദ്യാലയങ്ങളിൽ ഒക്ടോബർ 3, 4 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള പഠനം ഏർപ്പെടുത്തുന്നതാണ്. ദുബായിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Cover Image: WAM.