ഒമാൻ: ഷഹീൻ ചുഴലിക്കാറ്റ് കര തൊട്ടു; കാറ്റിന്റെ ശക്തി കുറയുന്നതായി CAA

Oman

2021 ഒക്ടോബർ 3-ന് രാത്രി 8.30-ന് ഷഹീൻ ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം മുസന്ന, സുവൈഖ് വിലായത്തുകൾക്കിടയിൽ കര തൊട്ടതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. കര തൊട്ടതോടെ കാറ്റിന്റെ തീവ്രത നേരിയ രീതിയിൽ കുറഞ്ഞതായും ഷഹീൻ ചുഴലിക്കാറ്റിനെ, കൊടുങ്കാറ്റ് എന്ന രീതിയിലേക്ക് താഴ്ത്തിയതായും ഒക്ടോബർ 1-ന് രാത്രി ഒമാൻ സമയം 1 മണിക്ക് CAA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

കാറ്റിന്റെ വേഗം 55 മുതൽ 63 നോട്ട് വരെ അനുഭവപ്പെടുന്നതായും, നോർത്ത്, സൗത്ത് ബത്തീന ഗവർണറേറ്റുകളിൽ കനത്ത മഴയും (200-500 mm), ശക്തിയായ കാറ്റും തുടരുമെന്നും CAA അറിയിപ്പിൽ വ്യക്തമാക്കുന്നു. അൽ ദഹിരാ, അൽ ബുറൈമി, അൽ ദാഖിലിയ തുടങ്ങിയ ഇടങ്ങളിൽ 100 മുതൽ 300 mm വരെ മഴയ്ക്ക് സാധ്യതയുണ്ട്. മസ്കറ്റ്, സൗത്ത് ശർഖിയ, മുസന്ദം മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും CAA വ്യക്തമാക്കി.

ഒമാൻ തീരത്ത് കടൽ പ്രക്ഷുബ്ധമാകുന്നത് തുടരുമെന്നും, സൗത്ത് ശർഖിയ മുതൽ മുസന്ദം വരെയുള്ള തീരങ്ങളിൽ 3 മുതൽ 4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ അനുഭവപ്പെടാമെന്നും CAA വ്യക്തമാക്കി. തീരദേശമേഖലകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവ ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.