എക്സ്പോ 2020 ദുബായ്: അജ്‌മാൻ, ഫുജൈറ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി

UAE

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി അജ്മാനിലേയും, ഫുജൈറയിലെയും സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 6-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എക്സ്പോ 2020 സന്ദർശിക്കുന്നതിനായി അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള അവധി അനുവദിക്കാൻ അജ്‌മാൻ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയാണ് ഉത്തരവിറക്കിയത്. ഫുജൈറയിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള അവധി അനുവദിക്കാൻ ഫുജൈറ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഉത്തരവിട്ടതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുടുംബാംഗങ്ങളുമായി എക്സ്പോ 2020 വേദി സന്ദർശിക്കുന്നതിനും, ലോക എക്സ്പോയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആഗോള തലത്തിലുള്ള നൂതന സാങ്കേതികവിദ്യകളും, നവീന ആശയങ്ങളും അറിയുന്നതിനും സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അവസരം നൽകുന്നതിനായാണ് ഈ തീരുമാനം.

എക്സ്പോ വേദി സന്ദർശിക്കുന്നതിനായി അബുദാബിയിലെ സർക്കാർ ജീവനക്കാർക്കും ഇത്തരത്തിൽ ആറ് ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്.

WAM