ഒരു പുതിയ എമിറാത്തി ഇന്റർപ്ലാനറ്ററി മിഷൻ ആരംഭിക്കുമെന്ന് യു എ ഇ ബഹിരാകാശ ഏജൻസി 2021 ഒക്ടോബർ 6-ന് പ്രഖ്യാപിച്ചു. യു എ ഇയുടെ ബഹിരാകാശ എഞ്ചിനീയറിംഗ്, ശാസ്ത്രീയ ഗവേഷണ, പര്യവേഷണ കഴിവുകൾ എന്നിവ ത്വരിതപ്പെടുത്തുന്നതിനും, രാജ്യത്തെ സ്വകാര്യ മേഖലയിലെ പുതുമകളും അവസരങ്ങളും വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അബുദാബിയിലെ ഖസ്ർ അൽ വതൻ കൊട്ടാരത്തിൽ നടന്ന സായുധ സേന ചടങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു.
“വികസനത്തിലേക്കും പുരോഗതിയിലേക്കുമുള്ള ഞങ്ങളുടെ യാത്രയ്ക്ക് അതിരുകളും പരിമിതികളും ഇല്ലാത്തതിനാൽ ഞങ്ങൾ നക്ഷത്രങ്ങളെ ലക്ഷ്യമാക്കുന്നു. വരും തലമുറകളെ ലക്ഷ്യമിട്ടാണ് ഞങ്ങൾ ഇന്നിൽ നിക്ഷേപിക്കുന്നത്.”, ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. “ബഹിരാകാശത്ത് ഞങ്ങൾ നടത്തുന്ന ഓരോ പുതിയ മുന്നേറ്റത്തിലൂടെയും, ഭൂമിയിലെ യുവാക്കൾക്ക് ഞങ്ങൾ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറേറ്റ്സ് മാർസ് മിഷനിൽ നിന്ന് നേടിയ അറിവും അനുഭവവും അടിസ്ഥാനമാക്കിയാണ് ഈ പുതിയ ദൗത്യത്തിന് രൂപം നൽകിയിരിക്കുന്നത്. ഈ പുതിയ ദൗത്യത്തിൽ എമിറാറ്റി സ്വകാര്യമേഖല കമ്പനികളുടെ ഗണ്യമായ പങ്കാളിത്തം ഉൾപ്പെടുന്നതാണ്. 2028-ൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ഭൂമിയെ ബാധിക്കുന്ന മിക്ക ഉൽക്കകളുടെയും ഉറവിടമായ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഛിന്നഗ്രഹ വലയം പര്യവേക്ഷണം ചെയ്യുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് രൂപകല്പന ചെയ്യുന്നത്.
“ഈ പുതിയ ദൗത്യം എമിറാറ്റി യുവാക്കൾക്ക് ബഹിരാകാശ പര്യവേക്ഷണത്തിനുള്ള സായിദിന്റെ അഭിലാഷം കൈവരിക്കുന്നതിനുള്ള കഴിവുകൾ പരീക്ഷിക്കുകയും, വിപുലീകരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ബഹിരാകാശ മേഖല വികസിപ്പിക്കുന്നതിനായി പ്രാദേശിക എഞ്ചിനീയർമാർ, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ നടത്തിയിട്ടുള്ള കുതിച്ചുചാട്ടം, ഈ ധീരമായ പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ ഞങ്ങൾ സജ്ജരാണെന്ന ആത്മവിശ്വാസം നൽകുന്നതാണ്.”, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
ഈ ചടങ്ങിൽ ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ H.H. ലെഫ്. ജനറൽ ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്ക് പുറമെ, നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഈ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ബഹിരാകാശവാഹനം 3.6 ബില്യൺ കിലോമീറ്റർ സഞ്ചരിച്ച് അഞ്ച് വർഷത്തെ യാത്ര കൊണ്ട് ചൊവ്വയ്ക്കപ്പുറം സ്ഥിതിചെയ്യുന്ന പ്രധാന ഛിന്നഗ്രഹ വലയത്തിൽ എത്തുന്നതാണ്. ഈ പേടകം അതിന്റെ യാത്രയിലൂടെ ഏഴ് പ്രധാന ഛിന്നഗ്രഹ ബെൽറ്റുകളെക്കുറിച്ച് പഠിക്കുന്നതാണ്.
WAM