രാജ്യത്തെ പ്രവാസികൾക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിക്കുന്നത് നിർത്തലാക്കുന്നതിനെക്കുറിച്ച് കുവൈറ്റ് ട്രാഫിക് അധികൃതർ ചർച്ചകൾ നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 8-നാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റിലെ ആകെ ജനസംഘ്യയുടെ ഭൂരിപക്ഷവും നിലവിൽ പ്രവാസികളാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്നതിന്റെ വിവിധ വശങ്ങൾ ട്രാഫിക് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചതെന്നാണ് ലഭിക്കുന്ന സൂചന.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഫൈസൽ അൽ നവാഫ് ട്രാഫിക് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയതായും, പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഒരു നിർദ്ദേശം മുന്നോട്ട് വെച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ നിർദ്ദേശത്തിന്റെ വിവിധ വശങ്ങൾ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. രാജ്യത്തെ റോഡുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും, അതിലൂടെ അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് അധികൃതർ ഇത്തരം ഒരു നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന.