രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ച ഏതാനം വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിന് ഔദ്യോഗിക അംഗീകാരം നൽകാൻ ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രോഗബാധയേൽക്കാനുള്ള സാധ്യത കൂടുതലുള്ള വിഭാഗങ്ങളിൽ രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനായാണ് ഇത്തരം ഒരു തീരുമാനം.
ഈ തീരുമാനം നടപ്പിലാക്കുന്നതിന്റെ നടപടി ക്രമങ്ങൾ, ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന് മുൻഗണനയുള്ള വിഭാഗങ്ങൾ മുതലായ വിവരങ്ങൾ ഒമാൻ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. നവംബർ ആദ്യ ആഴ്ച്ച മുതൽ രാജ്യത്തെ അഞ്ച് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള തീരുമാനത്തിനും സുപ്രീം കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.
2021 നവംബർ 1 മുതൽ രാജ്യത്തെ 5 മുതൽ 11 വരെയുള്ള ഗ്രേഡുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.