ബഹ്‌റൈൻ: COVID-19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അലേർട്ട് ലെവൽ സംവിധാനങ്ങളിൽ മാറ്റം വരുത്തി

GCC News

രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ രേഖപ്പെടുത്തുന്നതിനും, COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന ട്രാഫിക് ലൈറ്റ് അലേർട്ട് ലെവൽ സംവിധാനത്തിൽ 2021 ഒക്ടോബർ 31 മുതൽ മാറ്റം വരുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗബാധിതരുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ഈ അലേർട്ട് ലെവൽ നിർണ്ണയിക്കുന്നത്.

https://twitter.com/MOH_Bahrain/status/1454856387591294983

2021 ഒക്ടോബർ 31 മുതൽ ബഹ്‌റൈനിൽ താഴെ പറയുന്ന രീതിയിലാണ് COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായുള്ള അലേർട്ട് ലെവൽ നിർണ്ണയിക്കുന്നത്:

  • പച്ച – പതിനാല് ദിവസത്തെ കാലയളവിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 50 കേസുകൾക്ക് താഴെയാണെങ്കിൽ.
  • മഞ്ഞ – ഏഴ് ദിവസത്തെ കാലയളവിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 51 മുതൽ 100 കേസുകൾ വരെയാണെങ്കിൽ.
  • ഓറഞ്ച് – നാല് ദിവസത്തെ കാലയളവിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 101 മുതൽ 200 കേസുകൾ വരെയാണെങ്കിൽ.
  • ചുവപ്പ് – മൂന്ന് ദിവസത്തെ കാലയളവിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 201 കേസുകൾക്ക് മുകളിലാണെങ്കിൽ.

ഇതിന് പുറമെ, രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ വാക്സിനെടുക്കാത്തവർ പ്രവേശിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന ശരീരോഷ്മാവ് പരിശോധന, വിവര ശേഖരണം മുതലായവ ഒഴിവാക്കാനും നാഷണൽ ടാസ്ക്ഫോഴ്സ് തീരുമാനിച്ചിട്ടുണ്ട്. മാസ്കുകളുടെ ഉപയോഗം, അണുനശീകരണ നടപടികൾ, മറ്റു മുൻകരുതൽ നിർദ്ദേശങ്ങൾ മുതലായവ കർശനമായി പാലിക്കാൻ ടാസ്ക്ഫോഴ്സ് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

2021 ജൂലൈ മുതൽ രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനമാണ് നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഉപയോഗിക്കുന്നത്.