സൗദി: 10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തുന്നതിനെതിരെ ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി

GCC News

റോഡ് സുരക്ഷയുടെ ഭാഗമായി 10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തുന്നവർക്കും, വാഹനങ്ങളിൽ കുട്ടികൾക്കുള്ള സുരക്ഷിത ഇരിപ്പിടങ്ങൾ ഏർപ്പെടുത്താത്തവർക്കും സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. 2021 നവംബർ 3-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരം റോഡ് സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുന്നതിനും, ടിക്കറ്റ് നൽകുന്നതിനും സൗദി ട്രാഫിക് ഡയറക്ടറേറ്റ് രാജ്യത്തുടനീളമുള്ള തങ്ങളുടെ ബ്രാഞ്ചുകളിലെ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾക്ക് 300 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുന്നതാണ്.

കുട്ടികളുമായി സഞ്ചരിക്കുന്ന വാഹനങ്ങളിൽ കുട്ടികൾക്കായുള്ള സുരക്ഷാ ഇരിപ്പിടങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്നതും, ഇവ ഉപയോഗിക്കണമെന്നതും സൗദി ട്രാഫിക് നിയമങ്ങൾ അനുശാസിക്കുന്നുണെന്ന് അധികൃതർ വ്യക്തമാക്കി. പിൻനിരയിൽ സീറ്റുകൾ ഇല്ലാത്ത വാഹനങ്ങളിൽ മാത്രമാണ് കുട്ടികൾക്ക് മുൻസീറ്റിൽ യാത്ര ചെയ്യുന്നതിന് അനുമതി നൽകുന്നത്.

ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ സൗദിയിലുടനീളം ശക്തമാക്കിയിട്ടുണ്ട്. ഇതിനായി ഇലക്ട്രോണിക് സംവിധാനങ്ങൾ, പോലീസ് പെട്രോളിംഗ് സംഘങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതാണ്. സീറ്റ് ബെൽറ്റുകൾ ധരിക്കാത്തവർക്കെതിരെയും നടപടികൾ ശക്തമാക്കിയിട്ടുണ്ട്.