കുവൈറ്റ്: ഈ വർഷം ഇതുവരെ മൂന്ന് ലക്ഷത്തിലധികം പ്രവാസികളുടെ റെസിഡൻസി കാലാവധി അവസാനിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു

GCC News

കുവൈറ്റിൽ ഈ വർഷം ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏതാണ്ട് 316700 പ്രവാസികളുടെ റെസിഡൻസി കാലാവധി അവസാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ വിസാ വിഭാഗങ്ങളിൽപ്പെടുന്ന ഈ പ്രവാസികളിൽ യാത്രാ വിലക്കുകൾ മൂലം റെസിഡൻസി റദ്ദായവരും, സ്വയമേവ തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരികെ മടങ്ങിയവരും, നാട് കടത്തപ്പെട്ടവരും ഉൾപ്പെടുന്നു.

2021 ജനുവരി 1 മുതൽ നവംബർ 15 വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 2020-ൽ നാല്പത്തയ്യായിരത്തിൽ താഴെ മാത്രം പ്രവാസികളുടെ റെസിഡൻസി കാലാവധിയാണ് ഇതേ കാരണങ്ങളാൽ അവസാനിച്ചതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഉയർന്ന് വന്ന വിവിധ വെല്ലുവിളികൾ, വാണിജ്യ മേഖലയിലുൾപ്പടെ ഏർപ്പെടുത്തിയ അടച്ചിടലുകൾ തുടങ്ങിയ വിവിധ ഘടകങ്ങൾ ഇതിന് കാരണമായതായി സ്രോതസുകൾ വ്യക്തമാക്കുന്നു.