രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനം 2021 നവംബർ 18, വ്യാഴാഴ്ച്ച കർശനമായ COVID-19 പ്രതിരോധ മാനദണ്ഡങ്ങളോടെ ആചരിക്കുമെന്ന് ഒമാൻ ജനറൽ സെക്രട്ടേറിയറ്റ് ഫോർ നാഷണൽ സെലിബ്രേഷൻസ് വ്യക്തമാക്കി. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അധികൃതർ കൂട്ടിച്ചേർത്തു.
ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം വഹിക്കുന്ന മിലിറ്ററി പരേഡ് ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടേറിയറ്റ് ഫോർ നാഷണൽ സെലിബ്രേഷൻസ് സെക്രട്ടറി ജനറൽ H.E. ഷെയ്ഖ് സെബാ ബിൻ ഹംദാൻ അൽ സാദി അറിയിച്ചു.
റോയൽ ആർമി ഓഫ് ഒമാൻ, റോയൽ എയർ ഫോഴ്സ് ഓഫ് ഒമാൻ, റോയൽ നേവി ഓഫ് ഒമാൻ, ഒമാൻ റോയൽ ഗാർഡ്, സുൽത്താൻസ് സ്പെഷ്യൽ ഫോഴ്സസ്, റോയൽ ഒമാൻ പോലീസ്, അശ്വസേനാ വിഭാഗങ്ങൾ തുടങ്ങിയവർ ഈ പരേഡിൽ പങ്കെടുക്കും. മിലിറ്ററി പരേഡ് നടക്കുന്നതിനാൽ നവംബർ 18-ന് രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെ അൽ ബറക പാലസ് റൗണ്ട് എബൗട്ട് മുതൽ അൽ മുസ്തഫ ക്യാമ്പിലെ മിലിറ്ററി പരേഡ് ഫീൽഡ് വരെയുള്ള റോഡുകൾക്കരികിൽ പാർക്കിംഗ് അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ വിലായത്തുകളിലും പ്രത്യേക സ്വാഗത ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക കരിമരുന്ന് പ്രയോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
മസ്കറ്റ് ഗവർണറേറ്റിൽ നവംബർ 18-ന് വൈകീട്ട് 8 മണിക്കാണ് പ്രത്യേക കരിമരുന്ന് പ്രദർശനം ഒരുക്കിയിരിക്കുന്നത്. മുപ്പത് മിനിറ്റ് നീണ്ട് നിൽക്കുന്ന ഈ വെടിക്കെട്ട് മസ്കറ്റ് ഗവർണറേറ്റിൽ അമീറത്, സീബ് എന്നിവിടങ്ങളിൽ നിന്ന് ആസ്വദിക്കാവുന്നതാണ്. ദോഫാർ ഗവർണറേറ്റിൽ നവംബർ 19-ന് വൈകീട്ട് 8 മണിക്ക് ഗംഭീര വെടിക്കെട്ട് ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ തുടങ്ങിയ ഇടങ്ങൾ ദേശീയ നിറങ്ങളായ പച്ച, ചുവപ്പ്, വെള്ള എന്നിവയാൽ അലങ്കരിച്ചിട്ടുണ്ട്. എന്നാൽ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. COVID-19 വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നടപടി.
രാജ്യത്തെ വിദ്യാലയങ്ങളിൽ നടത്താനിരുന്ന ആഘോഷപരിപാടികൾ റദ്ദാക്കിയതായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 28, ഞായറാഴ്ച്ച, നവംബർ 29, തിങ്കളാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേരത്തെ ഉത്തരവിറക്കിയിരുന്നു.