രാജ്യത്ത് COVID-19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയ മുഴുവൻ പേരും കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പകർച്ചവ്യാധി വിഭാഗം തലവൻ ഡോ. അബ്ദുൽ ലതീഫ് അൽ ഖാൽ നിർദ്ദേശിച്ചു. ഖത്തറിലെ COVID-19 പ്രതിരോധ നടപടികൾ നയിക്കുന്ന നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷൻ കൂടിയാണ് അദ്ദേഹം.
ജനജീവിതം സാധാരണ രീതിയിൽ തുടരുന്നതിന് ബൂസ്റ്റർ ഡോസുകൾക്ക് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനെടുത്തവരിൽ രോഗബാധയേൽക്കുന്ന സഹചര്യം നിലനിൽക്കുന്നതിനാൽ കൊറോണാ വൈറസിനെതിരായ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിനായി രണ്ടാം ഡോസ് എടുത്തവർ നിശ്ചിത ഇടവേളയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത് വളരെ പ്രധാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരിൽ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിയുന്നതോടെ രോഗപ്രതിരോധ ശേഷി കുറയുന്നതായി പഠനങ്ങൾ ചൂണ്ടികാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നതിന്റെ കാലാവധി എട്ട് മാസത്തിൽ നിന്ന് ആറ് മാസമാക്കി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് COVID-19 ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ കാലതാമസം കൂടാതെ ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വാക്സിനേഷൻ വകുപ്പ് തലവൻ ഡോ. സോഹ അൽ ബയാതാണ് ഒരു വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.