ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2021 ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. നവംബർ 26-ന് വൈകീട്ടാണ് DGCA ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നുമുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ഡിസംബർ 14-ന് 11:59pm വരെ തുടരുമെന്നും DGCA പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. 2021 ഡിസംബർ 15 മുതൽ വിവിധ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്നും, ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ കർശനമായ COVID-19 പരിശോധനകൾ ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നും വിമാന സർവീസ് പുനരാരംഭിക്കുന്ന ഓരോ രാജ്യങ്ങളിലെയും COVID-19 സാഹചര്യങ്ങൾ പ്രകാരമായിരിക്കും ഡിസംബർ 15 മുതൽ വ്യോമയാന സേവനങ്ങളുടെയും, യാത്രികരുടെയും തോത് നിശ്ചയിക്കുന്നതെന്നും DGCA അറിയിച്ചിട്ടുണ്ട്. താഴെ പറയുന്ന രീതിയിലാണ് ഇത്തരം സേവനങ്ങൾ അനുവദിക്കുന്നത്:
- ഇന്ത്യൻ മിനിസ്ട്രി ഓഫ് ഫാമിലി ആൻഡ് വെൽഫെയർ രോഗവ്യാപന സാധ്യതയുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളിലേക്കും, തിരികെയുമുള്ള വിമാന സർവീസുകൾ, അത്തരം രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, മഹാമാരിയ്ക്ക് മുൻപ് ഉണ്ടായിരുന്നതിന്റെ 75 ശതമാനം ശേഷിയിലാണ് അനുവദിക്കുന്നത്.
- എയർ ബബിൾ കരാറില്ലാത്ത, രോഗവ്യാപന സാധ്യതയുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളിലേക്കും, തിരികെയുമുള്ള വിമാന സർവീസുകൾ അമ്പത് ശതമാനം ശേഷിയിലായിരിക്കും നടപ്പിലാക്കുന്നത്.
- രോഗവ്യാപന സാഹചര്യങ്ങളില്ലാത്ത രാജ്യങ്ങളിലേക്കും, തിരികെയും പൂർണ്ണ ശേഷിയിൽ വ്യോമയാന സേവനങ്ങൾ അനുവദിക്കുന്നതാണ്.
https://www.mohfw.gov.in/pdf/ListofCountriestobereferredtoincontextofGuidelinesforinternationalarrivalsdated20thOctober2021.pdf എന്ന വിലാസത്തിൽ നിന്ന് ഇന്ത്യൻ മിനിസ്ട്രി ഓഫ് ഫാമിലി ആൻഡ് വെൽഫെയർ രോഗവ്യാപന സാധ്യതയുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടിക (2021 നവംബർ 26-ന് പുറത്തിറക്കിയത്) ലഭ്യമാണ്. ഇത്തരം രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് പ്രത്യേക പ്രവേശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.