ഉംറ തീർത്ഥാടനത്തിനായി വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കെത്തുന്ന തീർത്ഥാടകർക്ക് 30 ദിവസം വരെ രാജ്യത്ത് തുടരാൻ അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉംറ തീർത്ഥാടനം, മറ്റു തീർത്ഥാടനങ്ങൾ എന്നിവയ്ക്കായി വിദേശത്ത് സൗദിയിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് COVID-19 മഹാമാരിയ്ക്ക് മുൻപ് അനുവദിച്ചിരുന്ന രീതിയിൽ 30 ദിവസം വരെ സൗദിയിൽ തുടരാനുള്ള അനുമതികൾ വീണ്ടും നൽകിത്തുടങ്ങിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ തീർത്ഥാടകർ ഉൾപ്പടെയുള്ളവർക്ക് 10 ദിവസത്തേക്ക് മാത്രമാണ് സൗദിയിൽ തുടരുന്നതിന് അനുമതി നൽകി വന്നിരുന്നത്. രാജ്യത്തെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ 30 ദിവസം വരെ സൗദിയിൽ തുടരുന്നതിന് തീർത്ഥാടകർക്ക് അനുമതി നൽകിയിരിക്കുന്നത്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് വിദേശത്ത് നിന്ന് ഉംറ തീർത്ഥാടനത്തിനുള്ള പെർമിറ്റുകൾ അനുവദിക്കുന്നത്. സൗദി അറേബ്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുള്ള തീർത്ഥാടകർക്ക് സൗദിയിലെത്തിയ ശേഷം ക്വാറന്റീൻ കൂടാതെ തന്നെ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള മറ്റു വാക്സിനുകൾ സ്വീകരിച്ച് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുള്ള തീർത്ഥാടകർക്ക് സൗദിയിലെത്തിയ ശേഷം 3 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്.
വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന പരമാവധി പ്രായപരിധി നിബന്ധനകൾ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പിൻവലിച്ചതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.