യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി സ്പാനിഷ് പവലിയൻ സന്ദർശിച്ചു. 2021 ഡിസംബർ 5-നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സ്പാനിഷ് പവലിയൻ സന്ദർശിച്ചത്.
സന്ദർശനവേളയിൽ ദുബായ് ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അദ്ദേഹത്തെ അനുഗമിച്ചു. എക്സ്പോ 2020 ദുബായ് വേദിയിലെ സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിലാണ് സ്പാനിഷ് പവലിയൻ സ്ഥിതി ചെയ്യുന്നത്.
ഐക്യദാർഢ്യം, സർഗ്ഗാത്മകത, നവീകരണം തുടങ്ങിയ സ്പാനിഷ് ജനത പിൻതുടരുന്ന മൂല്യങ്ങളെക്കുറിച്ച് സന്ദർശകർക്ക് ഉൾക്കാഴ്ച നൽകുന്ന രീതിയിലാണ് ഈ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. സ്പെയിനിലെത്തുന്ന വിനോദസഞ്ചാരികൾക്കും നിക്ഷേപകർക്കും ആകർഷകമാകുന്ന അനുഭവങ്ങൾ ഈ പവലിയനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
‘ഇന്റലിജൻസ് ഫോർ ലൈഫ്’ എന്ന പ്രമേയത്തിന് കീഴിൽ ഒരുക്കിയിട്ടുള്ള ഈ പവലിയൻ ശാസ്ത്രം, സാങ്കേതികവിദ്യ, ഉൽപ്പാദനം, വിദ്യാഭ്യാസം, കല എന്നീ മേഖലകളിലെ അസാധാരണമായ സർഗ്ഗാത്മക പ്രോജക്ടുകൾക്ക് ചുറ്റും ആളുകളെ ഒന്നിപ്പിക്കാൻ കഴിവുള്ള, ബുദ്ധിപരമായ സർഗ്ഗാത്മകതയുടെ ഒരു ഉദാഹരണമാണ്. സുസ്ഥിരതയുടെ തത്വം ഉയർത്തിക്കാട്ടുന്നതിനായി മരം, ഇരുമ്പ്, തുണി എന്നിവയുൾപ്പെടെ പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ഈ പവലിയൻ നിർമ്മിച്ചിരിക്കുന്നത്.
വർധിച്ച വായുസഞ്ചാരം സുഗമമാക്കുന്ന അതിന്റെ കോണാകൃതിയിലുള്ള ആകൃതി തണുത്ത താപനില നിലനിർത്താൻ പരിസ്ഥിതി സൗഹൃദ മാർഗം നൽകുന്നു.
ചെസ്സ് കളി ആഘോഷിക്കുന്നതിനായി ഈ പവലിയനിൽ പ്രത്യേകമായ ഒരു ഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. സ്പാനിഷ്, അറബ് എന്നീ സംസ്കാരങ്ങളുടെ ഐക്യത്തിന്റെ കഥ അടിസ്ഥാനമാക്കി ചെസ്സിന്റെ ചരിത്രത്തിന് ഈ പവലിയൻ പ്രത്യേക പ്രാധാന്യം നൽകുന്നു. അറബ് ലോകത്ത് നിന്ന് എട്ടാം നൂറ്റാണ്ടിലാണ് ചെസ്സ് യൂറോപ്യൻ രാജ്യത്തിലെത്തിയത്.
ഈ പവലിയനിൽ ഒരുക്കിയിട്ടുള്ള ‘ഫോറസ്റ്റ് ഓഫ് ഇന്റലിജൻസ്’ പ്രദർശനം ഐക്യരാഷ്ട്രസഭ മുന്നോട്ട് വെച്ചിട്ടുള്ള സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ട സ്പെയിൻ എങ്ങിനെ നടപ്പിലാക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്ന ഒരു പ്രത്യേക വസ്തു ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള, പ്രത്യേക സാങ്കേതികവിദ്യകൾ അടങ്ങിയ മരങ്ങൾ കൊണ്ട് ഒരുക്കിയിട്ടുള്ള ‘ഫോറസ്റ്റ് ഓഫ് ഇന്റലിജൻസ്’ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനും സ്പെയിൻ എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് ആധുനിക സാങ്കേതികവിദ്യകൾ അടുത്തറിയുന്നതിനൊപ്പം അറബ് ലോകവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന സ്പെയിനിന്റെ പുരാതന നാഗരികതയെക്കുറിച്ചുള്ള അറിവുകളും ലഭിക്കുന്നതാണ്.
WAM