എക്സ്പോ 2020 ദുബായ് ആരംഭിച്ച 2021 ഒക്ടോബർ 1 മുതൽ ഇന്ത്യൻ പവലിയനിൽ ഇതുവരെ അഞ്ച് ലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു. 2021 ഡിസംബർ 10-നാണ് ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇക്കാര്യം അറിയിച്ചത്.
“എക്സ്പോ 2020 വേദിയിലെ ഇന്ത്യൻ പവലിയൻ ലോകനന്മയ്ക്കായുള്ള ഉത്കര്ഷേച്ഛ നിറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നമ്മുടെ രാജ്യം പ്രകടമാക്കുന്ന ശേഷിയുടെ ഉത്തമ ഉദാഹരണമായി തലയുയർത്തി നിൽക്കുന്നു. ഇന്ത്യയുടെ പങ്കാളിത്തം, ആത്മാഭിമാനം, ജനത എന്നിവയുടെ പ്രതിഫലനമാണിത്.”, ഈ നേട്ടം അറിയിച്ച് കൊണ്ട് പിയൂഷ് ഗോയൽ ട്വിറ്ററിൽക്കുറിച്ചു.
ലോക എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ സംഘാടകരും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ലോക എക്സ്പോ ആരംഭിച്ച് 70 ദിവസത്തിനിടയിലാണ് അഞ്ച് ലക്ഷത്തിലധികം പേർ ഇന്ത്യൻ പവലിയൻ സന്ദർശിച്ചിരിക്കുന്നത്.
നിക്ഷേപ മേഖലയിൽ ഇന്ത്യ ഉയർത്തുന്ന സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയൻ വലിയ പങ്ക് വഹിക്കുന്നതായി യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സഞ്ജയ് സുധീർ വ്യക്തമാക്കി. ആഗോളതലത്തിലെ വലിയ നിക്ഷേപകരുമായി സംവദിക്കുന്നതിനും, രാജ്യത്തേക്ക് മികച്ച സംരംഭങ്ങൾ എത്തിക്കുന്നതിനും എക്സ്പോ ഏറെ സഹായകമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഇന്നോവേഷൻ ഹബ് എന്ന പേരിൽ ഇന്ത്യൻ പവലിയനിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള വേദി ഇന്ത്യയിലെ സ്റ്റാർട്ട്-അപ്പ് മേഖലയിലെ നിക്ഷേപസാധ്യതകൾ ലോകത്തിന് മുന്നിൽ എടുത്ത് കാട്ടുന്നു.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകം, സാങ്കേതിക രംഗത്തെ നേട്ടങ്ങൾ എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ നിർമ്മിച്ചിരിക്കുന്നത്. വിവിധ വർണ്ണങ്ങളിലുള്ള 600 ബ്ലോക്കുകളാൽ നവീനമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള ചലിക്കുന്ന മുഖപ്പ് ഇന്ത്യൻ പവലിയന്റെ പ്രത്യേകതയാണ്. ഒരു അച്ചുതണ്ടിൽ കറങ്ങുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഈ ബ്ലോക്കുകൾ ചിത്രവേല പോലെ വിവിധ പ്രമേയങ്ങൾ പ്രദർശിപ്പിക്കുന്നു. ഇന്ത്യ മുന്നോട്ട് കുതിക്കുന്നു എന്ന ആശയത്തിലൂന്നിയാണ് ഈ പവലിയനു രൂപം നൽകിയിരിക്കുന്നത്.
ഇന്ത്യയുടെ പ്രാചീന ചരിത്രം, പുരാതന നിർമ്മിതികൾ, സാംസ്കാരിക ചിഹ്നങ്ങൾ എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് ഇന്ത്യൻ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഏതാണ്ട് 4614 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഇന്ത്യൻ പവലിയൻ ഇതുവരെയുള്ള അന്താരാഷ്ട്ര പ്രദർശനങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ പവലിയനാണ്.