യു എ ഇ: അന്താരാഷ്ട്ര സിനിമകളുടെ പതിപ്പുകൾ പ്രദർശിപ്പിക്കുന്നതിനായി 21+ എന്ന പുതിയ മൂവി റേറ്റിംഗ് രീതി അവതരിപ്പിക്കുന്നു

UAE

രാജ്യത്ത് ഇരുപത്തൊന്നും, അതിനു മുകളിലും പ്രായമുള്ള വിഭാഗം പ്രേക്ഷകര്‍ക്കായി 21+ എന്ന ഒരു പുതിയ മൂവി റേറ്റിംഗ് രീതി അവതരിപ്പിക്കുന്നതിന് യു എ ഇ അംഗീകാരം നൽകിയതായി മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു. ഡിസംബർ 19-നാണ് യു എ ഇ മീഡിയ റെഗുലേറ്ററി ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രായപൂര്‍ത്തിയായ പ്രേക്ഷകർക്ക് അനുയോജ്യമായ സിനിമകൾക്ക് രാജ്യത്ത് 21+ എന്ന റേറ്റിംഗ് നൽകുന്നതാണ്. ഇതോടെ ഈ റേറ്റിംഗ് ലഭിക്കുന്ന അന്താരാഷ്ട്ര സിനിമകളുടെ പതിപ്പുകൾ അതുപോലെ തന്നെ യു എ ഇയിലെ സിനിമാശാലകളിൽ പ്രദർശിപ്പിക്കാനാകുമെന്ന് മീഡിയ റെഗുലേറ്ററി ഓഫീസ് വ്യക്തമാക്കി.

എന്നാൽ ഇത്തരം സിനിമകളുടെ പ്രദർശനങ്ങളിലേക്ക് 21 വയസിന് മുകളിൽ പ്രായമുള്ള പ്രേക്ഷകർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക എന്നും, ഇത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ സിനിമാശാലകളിൽ കർശനമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.